കളയില്‍ നിന്നും മോചനം നേടാന്‍ തൈകള്‍ പ്ലാസ്റ്റിക്ക് പാത്തികളില്‍ നട്ടുപിടിപ്പിക്കല്‍ വ്യാപകമായി

പട്ടഞ്ചേരി : കളയില്‍നിന്നും മോചനം നേടാന്‍ തൈകള്‍ പ്ലാസ്റ്റിക്ക് പാത്തികളില്‍ നട്ടുപിടിപ്പിക്കല്‍ വ്യാപകമായി. കൊടുവായൂര്‍, പുതുനഗരം, പട്ടഞ്ചേരി എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂര്‍, മുതലമട എന്നീ പഞ്ചായത്തുകളിലാണ് പ്ലാസറ്റിക്ക് പാത്തികളില്‍ പച്ചക്കറിതൈകള്‍ വെച്ചുപിടിപ്പിക്കുന്നത് വ്യാപകമായിട്ടുള്ളത്.
മറ്റു പരമ്പരാഗത കൃഷി രീതികളേ അപേക്ഷിച്ച് അല്‍പം ചെലവ് വര്‍ധിക്കുന്നതാണെങ്കിലും മണ്ണിന്‍റെ ജലാംശം അന്തരീക്ഷചൂടില്‍ ബാഷ്പ്പീകരിച്ചു പോകുന്നത് കുറയ്ക്കുവാനും കളകള്‍ വര്‍ധിക്കാതിരിക്കുവാനുംഇത് സഹായകമാകുന്നതായി കര്‍ഷകര്‍ പറയുന്നു.
പ്ലാസ്റ്റിക്ക് പാത്തികളോടൊപ്പം ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിനുള്ള പൈപ്പുകളും പ്ലാസ്റ്റിക്ക് കവറുകള്‍ക്കടിയിലൂടെ സ്ഥാപിക്കുന്നതിനാല്‍ ഓരോചെടിക്കും ആവശ്യമായ വെള്ളം മാത്രം നല്‍കുവാന്‍ സാധിക്കുന്നു. കൂടാതെ ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ പച്ചക്കറിതൈകള്‍ക്ക് നേരിച്ച് വളപ്രയോഗം നടത്തുവാനും സാധിക്കുന്നുണ്ട്. നിലവില്‍ മഴയുണ്ടെങ്കിലും വളപ്രയോഗത്തിനും കളകള്‍വര്‍ധിക്കുന്നതിനെതരേയുമാണ് മഴക്കാലത്ത് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍വ്യാപകമായി ഉപയോഗിക്കുന്നതെന്ന് പച്ചക്കറി കര്‍ഷകരുടെ വിശദീകരണം. ഒരുതവണ ഉപയോഗിച്ച് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ രണ്ടാമത്തെ സീണണിലും ഉപയോഗിക്കാമെന്നതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ പ്ലാസ്റ്റിക്ക് ഷീറ്റ്ഉപയോഗിച്ച് പച്ചക്കറിക്കുള്ള മണ്ണൊരുക്കല്‍ ആരംഭിച്ചിട്ടുണ്ട്.
വി.എപ്.പി.സി.കെയും കൃഷിവകുപ്പും ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിന് സംബ്‌സിഡി നല്‍കുന്നതിനാല്‍ ഡ്രിപ്പിനോടൊപ്പം പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ചുള്ള പച്ചക്കറി തോട്ടങ്ങള്‍ ഇത്തവണ അഞ്ഞുറ് ഏക്കറിലധികം വ്യാപിച്ചിട്ടുണ്ടെന്ന് പച്ചക്കറി സ്വാശ്രയസമിതിയിലെ ഭാരവാഹികള്‍ പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

*