മുട്ട ഒന്നിന് പത്തുരൂപ, ഇറച്ചി കിലോ 400 രൂപാവരെ; ‘പൊന്‍മുട്ട’യിടുന്ന താറാവുകള്‍

മുട്ടയും പക്ഷിമാംസത്തിനും ഏത് സീസണിലും വിപണിയുണ്ട്. വീട്ടുവളപ്പില്‍ കോഴിയും കാടയുമൊക്കെ വളര്‍ത്തി വരുമാനം നേടാമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പക്ഷികളില്‍ തന്നെ ഏറ്റവും വരുമാനം നല്‍കുന്ന പക്ഷി താറാവാണ്. കോഴികളും കാടകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ മുട്ട ലഭിക്കുക താറാവില്‍ നിന്നാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിച്ച് ഏറ്റവും നന്നായി വരുമാനം കിട്ടുന്നതും താറാവ് വളര്‍ത്തലിലാണ്. താറാവിറച്ചിയ്ക്കും മുട്ടയ്ക്കും പോഷകമൂല്യമുള്ളതിനാല്‍ വിപണിയില്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. കൂടാതെ താറാവിറച്ചിക്ക് കയറ്റുമതി സാധ്യതയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്ക,ഡെന്മാര്‍ക്ക്,ഇംഗ്ലണ്ട്,ഹോളണ്ട്,ഹംഗറി, കാനഡ എന്നി രാജ്യങ്ങളില്‍ താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയും ഈ വ്യവസായത്തിന്റെ ചുവടുപിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യയില്‍ വളര്‍ത്തുപക്ഷികളില്‍ രണ്ടാംസ്ഥാനക്കാരും താറാവാണ്. ഭക്ഷ്യസുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

മുട്ട ഒന്നിന് പത്ത് രൂപ

കോഴിമുട്ട കൊളസ്‌ട്രോള്‍ രോഗികള്‍ക്കും മറ്റും വിരോധമാണെങ്കില്‍ താറാവ് മുട്ടയ്ക്ക് ഈ പ്രശ്‌നമില്ല. കാരണം താറാവ് മുട്ടയില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അംശം വളരെ ചുരുക്കമാണ്. ഹൃദയരോഗങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന അരാക്കിടോണിക് അമ്ലവും ,ഒമേഗ 3 കൊഴ്പ്പ് അമ്ലവും താറാവ് മുട്ടകളില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കോഴിയുമായി താരതമ്യം ചെയ്താല്‍ താറാവില്‍ നിന്നാണ് കൂടുതല്‍ മുട്ടല ഭിക്കുന്നത്. 120 ദിവസം പ്രായമായാല്‍ താറാവുകള്‍ മുട്ടതന്ന് തുടങ്ങും.
ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്നതാണ് താറാവ് മുട്ട. വലുപ്പത്തിലും കോഴിമുട്ടയേക്കാള്‍ കേമനാണ് ഇത്. കൂടാതെ വിപണിയില്‍ ഒരു മുട്ടയുടെ വില പത്ത് രൂപയാണ്. അതായത് കോഴിമുട്ടയുടെ ഇരട്ടി വിലയാണ് ലഭിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ഏറെ വരുമാനം നല്‍കുന്നു. മൂന്ന് വര്‍ഷം വരെ ഒരുതാറാവ് മുട്ടയിടും. താരതമ്യേന അസുഖങ്ങളും കുറവുള്ള പക്ഷിയാണിത്.

നാടന്‍ താറാവുകള്‍

കുട്ടനാട്ടില്‍ പ്രത്യേകിച്ചും ആലപ്പുഴയിലാണ് കേരളത്തില്‍ നാടന്‍താറാവുകള്‍ അധികമായി വളര്‍ത്തുന്നത്. ചാരത്താറാവുകള്‍,ചെമ്പല്ലിത്താറാവുകള്‍ പ്രധാനമായും മുട്ടത്താറാവുകളാണ്. 250 മുട്ടകള്‍ വരെ പ്രതിവര്‍ഷം ഇവ ഉല്‍പ്പാദിപ്പിക്കും. 900 ഗ്രാം വരെ തൂക്കമുള്ള ഇവയുടെ ഇറച്ചിയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.

പണം കൊയ്യാന്‍ ഇറച്ചിത്താറാവുകള്‍

താറാവ് ഇറച്ചിക്ക് കിലോയ്ക്ക് 340 രൂപാമുതല്‍ 400 രൂപാവരെയാണ് വിപണി വില. പോഷകാംശം കൂടുതലുള്ള താറാവിന്റെ ഇറച്ചി കയറ്റുമതി സാധ്യതയും കൂടുതലാണ്. കൊളസ്‌ട്രോള്‍ ഉള്‍പ്പെടെ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്ക് കൂടി ഈ ഇറച്ചി നല്ലതാണ്. വൈറ്റ് പെക്കിന്‍,അയിസ്‌ബെറി,വിഗോവ സൂപ്പര്‍എം എന്നീ വിഭാഗത്തിലുള്ളവ ഇറച്ചികോഴികളുമായി പ്രജനനം നടത്തി ഉല്‍പ്പാദിപ്പിച്ചതായതിനാല്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ലാഭകരമായി വളര്‍ത്താം.

വൈറ്റ് പെക്കിന്‍

ചൈനക്കാരിയാണ് വൈറ്റ് പെക്കിന്‍. വെള്ള നിറത്തിലുള്ള വൈറ്റ് പെക്കിന് ഓറഞ്ച് നിറത്തിലുള്ള ചുണ്ടും കാലുമാണ്. സ്വാദുള്ള ഇറച്ചിയാണ് ഇവയുടെ പ്രത്യേകത. ഉയര്‍ന്ന ജീവനക്ഷമതയുള്ള ഈ ഇനം അമ്പത്തിനാല് ദിവസം കൊണ്ട് 2.5 കിലോഗ്രാം വരെ തൂക്കം വെക്കും. അടയിരിക്കാനും ഇവര്‍ തയ്യാറാണ്. ഒരു വര്‍ഷത്തില്‍ 200 മുട്ടകള്‍ വരെ ഇവ തരും.

അയില്‍സ്‌ബെറി

വൈറ്റ് പെക്കിളിന്റെ ഗുണങ്ങളും പ്രത്യേകതകളും ഉള്ള ഈ ഈനം ബ്രിട്ടനില്‍ നിന്നാണ് വന്നത്. അഞ്ച് കിലോഗ്രാം ഭാരം വരുന്ന ഇവ 150 മുട്ടകളോളം തരുന്നു. എങ്കിലും ഇറച്ചിത്താറാവുകളായാണ് വളര്‍ത്തുന്നത്.

മസ്‌കോവി

തെക്കന്‍ അമേരിക്കക്കാരായ ഇവരുടെ മാംസം നല്ല സ്വാദേറിയതാണ്. സാധാരണ ഉയരമുള്ള മതിലുകള്‍ക്കുമുകളിലൂടെ പറന്നിറങ്ങാന്‍ കഴിവുള്ള ഇവരുടെ തലഭാഗത്ത് അറിമ്പാറപോലെ തോന്നിക്കുന്ന തൊലിയുണ്ട്. 17 ആഴ്ചയാകുമ്പോള്‍ ഇറച്ചിക്കായി വളര്‍ന്നെത്തും എന്നുള്ളത് പ്രത്യേകതയാണ്. താറാവുകളുടെ മുട്ട വിരിയുന്നതിന് സാധാരണ 28 ദിവസം മതി എന്നാല്‍ മസ്‌കോവികളുടെ മുട്ട വിരിയുന്നതിന് 32 മുതല്‍ 36 വരെ ദിവസങ്ങള്‍ ആവശ്യമാണ്.

വിഗോവ സൂപ്പര്‍ എം

ബ്രോയിലര്‍ വര്‍ഗ്ഗ (ഇറച്ചിത്താറാവ്) ത്തില്‍പ്പെട്ട ഇവയുടെ ഉറവിടം വിയറ്റ്‌നാമാണ്. ആറാഴ്ച പ്രായമാകുമ്പോള്‍ പൂവന് 2.85 കിലോഗ്രാമും പിടയ്ക്ക് 2.5 കിലോഗ്രാമും തൂക്കം വരുന്ന ഇവയുടെ മുട്ടയുല്പാദനം പ്രതിവര്‍ഷം 160 – 180 ആണ്..

Leave a Reply

Your email address will not be published. Required fields are marked *

*