എയര്‍ബാഗുള്ള കാര്‍ ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

മുമ്പൊക്കെ എയര്‍ബാഗ് മുന്തിയ കാറുകളില്‍ മാത്രം ലഭ്യമായിരുന്ന സുരക്ഷാസംവിധാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ചെറുകാറുകളുടെ പോലും അടിസ്ഥാന മോഡലുകള്‍ക്കും എയര്‍ബാഗ് ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ എയര്‍ബാഗുള്ള വാഹനം തിരഞ്ഞെടുക്കുന്നവരും ഇന്ന് ഏറെയാണ്. വാഹനം ഇടിച്ചാല്‍ സ്വയം നിവര്‍ന്ന് യാത്രക്കാരുടെ ശരീരഭാഗങ്ങള്‍ എവിടെയെങ്കിലും ഇടിച്ച് ക്ഷതം സംഭവിക്കാതെ സംരക്ഷിക്കുകയാണ് എയര്‍ബാഗ് ചെയ്യുന്നത്. എന്നാല്‍ എയര്‍ബാഗുള്ള കാര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.
ബുള്‍ബാര്‍ ഉപയോഗിക്കരുത്

എസ്‍യുവികള്‍ക്കും എംയുവികള്‍ക്കുമൊക്കെ ലുക്ക് കൂട്ടാന്‍ മുന്‍ഭാഗത്ത് ബുള്‍ബാര്‍ ഘടിപ്പിക്കാറുണ്ട്. ലോഹനിര്‍മിതമായ ഈ ആക്സസറി പക്ഷേ എയര്‍ബാഗുള്ള വാഹനത്തിന് ഉപോഗിക്കരുത്.ഇടിയുടെ ആഘാതം സെന്‍സറുകളിലൂടെ തിരിച്ചറിഞ്ഞാണ് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കുക. അത്തരം സെന്‍സറുകളൊക്കെ മുന്‍ഭാഗത്ത് പ്രത്യേകിച്ചും ഹെഡ്‍ലാംപിനുള്ളിലോ ഗ്രില്ലിനു ഉള്‍ഭാഗത്തോ ഒക്കെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ബുള്‍ബാറുകളുണ്ടെങ്കില്‍ ആഘാതത്തിന്റെ ശക്തി സെന്‍സറുകള്‍ക്ക് തിരിച്ചറിയാനാകാതെ പോകും. ഫലമോ എയര്‍ബാഗ് പ്രവര്‍ത്തിക്കാതിരിക്കുകയോ പ്രവര്‍ത്തനം വൈകുകയോ ചെയ്യും. വാഹനത്തിനു ബുള്‍ബാര്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റിയറിങ്ങിനോട് ചേര്‍ന്നിരുന്ന് വണ്ടി ഓടിക്കരുത്
ചില ഡ്രൈവര്‍മാര്‍ അങ്ങനെയാണ്. സ്റ്റിയറിങ്ങിനോടു മുഖം അടുപ്പിച്ച് ഇരുന്നാവും ഡ്രൈവ് ചെയ്യുക. ഇങ്ങനെ ഇരുന്ന് ഓടിക്കുമ്പോള്‍ അപകടമുണ്ടായാല്‍ വലിയ പ്രശ്നമുണ്ട്. ഡ്രൈവറുടെ മുഖം ഇടിച്ച് തെറിപ്പിച്ച്കൊണ്ടാവും എയര്‍ബാഗ് വികസിക്കുക.ആ ആഘാതം മതി ഡ്രൈവര്‍ മരിക്കാന്‍ . സ്റ്റിയറിങ്ങിന്റെ നടുക്കുഭാഗത്താണ് ഡ്രൈവര്‍ എയര്‍ബാഗ് ഉറപ്പിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. അപകടസമയത്ത് സ്റ്റിയറിങ്ങിന്റെ മധ്യഭാഗം പൊട്ടിയാണ് എയര്‍ബാഗ് പുറത്തുവരുക. അതുകൊണ്ടു തന്നെ സ്റ്റിയറിങ്ങിന്റെ മധ്യഭാഗത്ത് കൈ വരാത്തവിധം സ്റ്റിറങ്ങില്‍ വീല്‍ പിടിക്കുക. ഡ്രൈവിങ് ആശാന്മാര്‍ പറയാറുള്ളതുപോലെ ക്ലോക്കില്‍ 10 :10 കാണിക്കുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും നില്‍ക്കുന്ന സ്ഥാനങ്ങളില്‍ വേണം സ്റ്റിയറിങ് വീലില്‍ കൈ പിടിക്കാന്‍ .

ഡാഷ്ബോര്‍ഡിനു മേല്‍ കാല്‍ വച്ചിരിക്കരുത്

ഡ‍്രൈവര്‍ സീറ്റിന് ഇടതുവശത്തുള്ള സീറ്റ് പിന്നിലേയ്ക്ക് വലിച്ചിട്ട് ഡാഷ്ബോര്‍ഡിലേയ്ക്ക് കാലും കയറ്റി വച്ച് ഇരിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍ കോ ഡ്രൈവര്‍ എയര്‍ബാഗുള്ള വാഹനത്തില്‍ അങ്ങനെയുള്ള ശീലം വലിയ അപകടത്തിനു കാരണമാകും. മണിക്കൂറില്‍ 322 കിമീ വേഗത്തിലാണ് എയര്‍ബാഗിന്റെ വികാസം. കണ്ണടച്ച് തുറക്കാനെടുക്കുന്ന സമയത്തില്‍ കുറവുമതി എയര്‍ബാഗിന്റെ വികാസത്തിന്. കാല്‍ ഡാഷ്ബോര്‍ഡില്‍ വച്ചിരിക്കുമ്പോള്‍ വണ്ടി ഇടിച്ചാല്‍ എയര്‍ബാഗ് വികസിക്കുന്നിന്റെ ശക്തികൊണ്ട് കാലുകളുടെ അസ്ഥികള്‍ ഛിന്നഭിന്നമായിപ്പോകും. ഇനി എയര്‍ബാഗ് ഇല്ലാത്തെ വാഹനമാണെങ്കില്‍ പോലും ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാല്‍ ഡാഷ്ബോര്‍ഡിനു മേല്‍ വയ്ക്കാതിരിക്കുക. അപകടം ഉണ്ടായാല്‍ കാലിന് വലിയ പരുക്കുണ്ടാകും.

സീറ്റ് ബെല്‍റ്റ് ഇടാന്‍ മറക്കരുത്
സീറ്റ് ബെല്‍റ്റിടാത്ത അവസ്ഥയില്‍ എയര്‍ബാഗ് വികസിച്ചാല്‍ യാത്രക്കാരന് ഗുരുതര പരുക്കുണ്ടാക്കും.സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ ചില വാഹനങ്ങളുടെ എയര്‍ബാഗ് വികസിക്കില്ലെന്നും അറിയുക. വാഹനം ഇടിക്കുമ്പോള്‍ യാത്രക്കാര്‍ മുന്നോഞ്ഞ് കാറിന്റെ ഉള്‍ഭാഗത്തെ ഘടകങ്ങളില്‍ മുഖവും ശരീരഭാഗങ്ങളും ഇടിക്കാതെ നോക്കുന്ന ജോലിയാണ് സീറ്റ്ബെല്‍റ്റിന്റേ്ത്.ആ ജോലിയ്ക്ക് അല്‍പ്പം കൂടി കാര്യക്ഷമത നല്‍കുകയാണ് എയര്‍ബാഗ് ചെയ്യുന്നത്. അതിനാല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിച്ച് ഡ്രൈവ് ചെയ്യുക.

ഡാഷ്ബോര്‍ഡിന്റെ പുറത്ത് അലങ്കാരം വേണ്ട

ഡാഷ്ബോര്‍ഡിനു മുകളില്‍ ഇഷ്ട ദൈവത്തിന്റെ രൂപമോ, പ്രതീകങ്ങളോ അതുമല്ലെങ്കില്‍ ഭംഗിയുള്ള ചെറിയ വസ്തുക്കളോ വയ്ക്കുന്നവരാണ് നമ്മളില്‍ പലരും. ഡാഷ്ബോര്‍ഡ് പൊട്ടിയാണ് ഡ്രൈവര്‍ ,കോ ഡ്രൈവര്‍ എയര്‍ബാഗുകള്‍ പുറത്തുവരുക. ഈ ആഘാതത്തില്‍ മേല്‍പ്പറഞ്ഞ വസ്തുക്കളൊക്കെ ചിന്നിച്ചിതറി യാത്രക്കാരുടെ ശരീരത്തില്‍ തുളച്ച് കയറാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഡാഷ്ബോര്‍ഡിന് അധികമെന്നല്ല ഒരു ഡെക്കറേഷനും വേണ്ട.

സീറ്റ് കവര്‍ ഇടരുത്
സൈഡ് എയര്‍ബാഗുള്ള കാറുകള്‍ക്കാണ് ഇത് ബാധകം. മിക്ക വാഹനങ്ങളുടെയും സൈ‍ഡ് എയര്‍ബാഗ് സീറ്റിനുള്ളിലാണ് ഉറപ്പിച്ചിരിക്കുക. എയര്‍ബാഗ് അനായാസം വികസിക്കാന്‍ ഉതകും വിധമാണ് സീറ്റിന്റെ ആവരണം വാഹനനിര്‍മാതാക്കള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിനു മുകളില്‍ കട്ടിയുള്ള സീറ്റ് കവര്‍ വാങ്ങിയിട്ടാല്‍ സൈഡ് എയര്‍ബാഗിന്റെ പ്രവര്‍ത്തനം വേണ്ടവിധം നടക്കില്ല. യാത്രക്കാരന് എയര്‍ബാഗ് കൊണ്ടുള്ള സംരക്ഷണം അങ്ങനെ ലഭിക്കാതെപോകും..

Leave a Reply

Your email address will not be published. Required fields are marked *

*