ഏറ്റവും വില്‍പ്പനയുള്ള 10 ബൈക്കുകള്‍

ഇരുചക്രവാഹനവിപണിയില്‍ ഇടക്കാലത്ത് സ്കൂട്ടറുകള്‍ പിടിമുറുക്കിയെങ്കിലും മോട്ടോര്‍സൈക്കിള്‍ വിഭാഗം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കുകയാണ്. നടപ്പുസാമ്പത്തികവര്‍ഷം ആദ്യ കാല്‍ ഭാഗത്തെ ഇരുചക്രവാഹനവില്‍പ്പനയുടെ കണക്കെടുക്കുമ്പോള്‍ 62-63 ശതമാനം ഓഹരിയാണ് മോട്ടോര്‍സൈക്കിളുകള്‍ക്കുള്ളത്. ജൂണില്‍ ഏറ്റവും വില്‍പ്പന നേടിയ പത്ത് ബൈക്കുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പതിവുപോലെ ഹീറോ സ്പ്ലെന്‍ഡറിനാണ്. 278,169 എണ്ണമായിരുന്നു വില്‍പ്പന.ഹീറോ മോട്ടോ കോര്‍പ്പിന്റെ തന്നെ എച്ച്എഫ് ഡീലക്സ് , പാഷന്‍ മോഡലുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഏറ്റവും വില്‍പ്പനയുള്ള 125 സിസി ബൈക്കായ ഹോണ്ട ഷൈനിനാണ് നാലാം സ്ഥാനം.
ബൈക്ക് വിപണിയില്‍ ജൂണില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയത് ബജാജ് ഓട്ടോയാണ്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 86 ശതമാനമാണ് ബജാജിന്റെ വില്‍പ്പന വളര്‍ച്ച. രാജ്യത്തെ നാലാമത്തെ വലിയ ഇരുചക്രവാഹനനിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. ബൈക്ക് വിപണിയില്‍ ഹീറോ കഴിഞ്ഞാല്‍ ഏറ്റവും വലിയ കമ്പനിയും ബജാജ് തന്നെ. ആകെ 200,949 ബൈക്കുകളാണ് ബജാജ് ആഭ്യന്തരവിപണിയില്‍ ജൂണില്‍ വില്‍പ്പന നടത്തിയത്. ടോപ് 10 മോട്ടോര്‍സൈക്കിള്‍ പട്ടികയില്‍ ബജാജിന്റെ പള്‍സറാണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനം ബജാജ് സിടി 100 നേടി. ഹോണ്ട ഷൈനിന് ഏതിരാളിയായ ഹീറോ ഗ്ലാമറാണ് ഏഴാം സ്ഥാനത്ത്.
യുവതലമുറയുടെ ഇഷ്ടബൈക്കായി മാറിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 നാണ് എട്ടാം സ്ഥാനം. ജൂണില്‍ 50,426 ക്ലാസിക്കുകള്‍ നിരത്തിലിറങ്ങി. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണിത്. ബജാജ് പള്‍സറുമായി മത്സരിക്കുന്ന ടിവിഎസ് അപ്പാച്ചെയ്ക്കാണ് ഒമ്പതാം സ്ഥാനം. ബജാജ് പ്ലാറ്റിനയാണ് പത്താം സ്ഥാനത്ത്. വില്‍പ്പന 35,825 എണ്ണം..

Leave a Reply

Your email address will not be published. Required fields are marked *

*