കെടിഎമ്മിനെ വെറുതെ കുറ്റപ്പെടുത്തരുത്

ഓസ്ട്രിയന്‍ കമ്പനി കെടിഎമ്മിന്റെ ബൈക്കുകള്‍ക്ക് ആളെ കൊല്ലി എന്നൊരു ദുഷ്പേരുണ്ട്. എന്നാല്‍ കെടിഎം ബൈക്കുകള്‍ കുഴപ്പക്കാരല്ലെന്നതാണ് യാഥാര്‍ഥ്യം. ഏറെ സുരക്ഷിതമായ ഒന്നാന്തരം പെര്‍ഫോമന്‍സ് ബൈക്കുകളാണവ. പിന്നെ പേരുദോഷമുണ്ടായത് എങ്ങനെയെന്നല്ലേ? യമഹ ആര്‍എക്സ്‍ 100 നും ബജാജ് പള്‍സറിനുമൊക്കെ തുടക്കത്തില്‍ അപകടമുണ്ടാക്കുന്ന ബൈക്ക് എന്ന ചീത്തപ്പേരുണ്ടായിരുന്നു. ആദ്യമായി ബൈക്ക് വാങ്ങുന്നവര്‍പോലും ഈ പെര്‍ഫോമന്‍സ് കൂടിയ ഈ ബൈക്കുകള്‍ തിരഞ്ഞെടുത്തപ്പോള്‍ അപകടം ഉണ്ടായില്ലെങ്കിലല്ലേയുള്ളൂ അത്ഭുതം.
ഓട്ടോറിക്ഷ ഓടിച്ചുള്ള പരിചയം വച്ച് ജെസിബി ഓടിക്കാന്‍ പറ്റില്ല എന്നതുപോലെ തന്നെയാണ് കെടിഎം ബൈക്കുകളുടെയും കാര്യം. ബജാജ് എം 80 ഓടിച്ച് ടൂവീലര്‍ ലൈസന്‍സും നേടി 100 സിസി ബൈക്ക് ഉപയോഗിച്ചവര്‍ പെട്ടെന്ന് പെര്‍ഫോമന്‍സ് കൂടിയ ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അപകടമുണ്ടാകുക സ്വഭാവികം മാത്രം. അതുകൊണ്ടുതന്നെ 150 സിസി ബൈക്കുകള്‍ രണ്ട് വര്‍ഷമെങ്കിലും ഉപയോഗിച്ച് പരിചയിച്ചശേഷം മാത്രമേ കെടിഎമ്മിന്റെ സ്പോര്‍ട് ബൈക്കില്‍ കൈവയ്ക്കാവൂ.

ബൈക്ക് എടുത്ത് ആദ്യ ഒരു മാസക്കാലം തിരക്ക് കുറഞ്ഞ റോഡിലൂടെ ഹ്രസ്വദൂര യാത്രകള്‍ മാത്രം നടത്തുക. ഇത് ബൈക്കിന്റെ സ്വഭാവം നന്നായി മനസിലാക്കാന്‍ സഹായിക്കും.
റേസിങ് ബൈക്കുകളുടെ നിര്‍മാണത്തില്‍ അഗ്രഗണ്യരായ കെടിഎമ്മിന്റെ മോഡലുകള്‍ക്ക് പെര്‍ഫോമന്‍സ് ഒരുപടി മുന്നിലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഫസ്റ്റ് ഗീയറില്‍ പോലും ആക്സിലേററ്ററില്‍ ചെറുതായൊന്നു തിരിച്ചാല്‍ വേഗം 20 കിമീ കടക്കും കെടിഎം ബൈക്കുകള്‍ക്ക്. ആര്‍സി 390 , ഡ്യൂക്ക് 390 മോഡലുകളുടെ ആക്സിലറേഷന്‍ 250 ബിഎച്ച്പി എന്‍ജിനുള്ള കാറിന് സമാനമാണ്. അതു മനസിലാക്കി വേണം ആ ബൈക്ക് ഓടിക്കാന്‍ . എന്‍ജിന്‍ വേഗം 5000 ആര്‍പിഎം കഴിയുമ്പോഴുള്ള ബൈക്കിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് അനുഭവിക്കുമ്പോള്‍ വേഗം അമിതമായി കൂട്ടാനുള്ള ത്വര അറിയാതെ മനസില്‍ തോന്നും. അത് ട്രാഫിക് കൂടുതലുള്ള റോഡില്‍ അടക്കിവയ്ക്കാനുള്ള പക്വത ആര്‍ജിക്കുക.
റോഡിലെ വളവുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പാകപ്പിഴയാണ് പലപ്പോഴും കെടിഎം ബൈക്ക് ഓടിക്കുന്നവരെ അപകടത്തില്‍ പെടുത്തുന്നത്. വളവിന് അടുത്തെത്തും മുമ്പ് തന്നെ ഗീയര്‍ ഡൗണ്‍ ചെയ്തും ബ്രേക്ക് പ്രയോഗിച്ചും വേഗം നിയന്ത്രിക്കുക. വളവില്‍ വച്ച് രണ്ടോ മൂന്നോ ഗീയറുകള്‍ ഒരുമിച്ച് ഡൗണ്‍ ചെയ്താല്‍ എന്‍ജിന്‍ ബ്രേക്കിങ് മൂലം പിന്നിലെ വീല്‍ ലോക്ക് ആയി ബൈക്കിന്റെ നിയന്ത്രണം അപകടത്തിലാക്കും.വളവ് വീശി തുടങ്ങിയശേഷം ബ്രേക്ക് പ്രയോഗിക്കുന്നതും ബൈക്കിന്റെ നിയന്ത്രണം കുറയ്ക്കും.

നല്ല ടാര്‍ റോഡുകള്‍ക്കാണ് കെടിഎം ബൈക്കുകളുടെ ടയര്‍ ഇണങ്ങുക. മണലും ചെളിയുമൊക്കെ കൈകാര്യം ചെയ്യാവുന്ന വിധത്തിലല്ല ടയറുകളുടെ ത്രെഡ് പാറ്റേണ്‍ . അതുകൊണ്ടുതന്നെ മോശമായ പ്രതലത്തില്‍ കെടിഎം ബൈക്കുകള്‍ തെന്നിമറിയാനുള്ള സാധ്യത കൂടുതലുണ്ട്.
പെര്‍ഫോമന്‍സ് ബൈക്കുകള്‍ റൈഡര്‍ക്ക് പ്രധാന്യം നല്‍കി നിര്‍മിച്ചവയാണ്. പിന്നിലെ സീറ്റ് അല്‍പ്പം ഉയര്‍ത്തി ഉറപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ പെട്ടെന്ന് ബ്രേക്കിട്ടാലും വേഗമെടുത്താലും പിന്‍ യാത്രക്കാരന്‍ തെറിച്ച് റോഡില്‍ വീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പിന്നിലിരിക്കുന്നവരും നിലവാരം കൂടിയ ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ബൈക്കിന്റെ സ്വഭാവം നന്നായി മനസിലാക്കാന്‍ കഴിവുള്ളവരെ മാത്രം പിന്നില്‍ കയറ്റുക. വളവുതിരിയുമ്പോഴും വേഗമെടുക്കുമ്പോഴുമൊക്കെ പിന്‍ സീറ്റിലിരിക്കുന്നവരുടെ ചെറു ചലനങ്ങള്‍ പോലും ബൈക്കിന്റെ ബാലന്‍സ് തെറ്റിച്ച് അപകടമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. റൈഡറെക്കാള്‍ ഭാരം കൂടിയ ആളെ പിന്നില്‍ കയറ്റാതിരിക്കുന്നതാണ് ഉത്തമം.

സമാനഗണത്തിലുള്ള ബൈക്ക് ഉപയോഗിച്ച് പരിചയമില്ലാത്ത സുഹൃത്തുക്കള്‍ക്ക് യാതൊരു കാരണവശാലും കെടിഎം ബൈക്കുകള്‍ ഓടിക്കാന്‍ കൊടുക്കരുത്. അങ്ങനെ ചെയ്താല്‍ വണ്ടിയും കൂട്ടുകാരനും ഒരേസമയം നിങ്ങള്‍ക്ക് നഷ്ടമായേക്കാം..

Leave a Reply

Your email address will not be published. Required fields are marked *

*