Don't Miss
Home / A Slider / ടാറ്റ നാനോയുടെ ചരിത്രം

ടാറ്റ നാനോയുടെ ചരിത്രം

നാനോ എന്ന കാര്‍ ലോകത്തെ തന്നെ അത്ഭുതമായിരുന്നു. ഏറ്റവും വിലക്കുറവുള്ള കാര്‍ , സാധാരണക്കാരന്റെ കാര്‍ , ഒരു ലക്ഷം രൂപയുടെ കാര്‍ എന്നൊക്കെയുള്ള വിശേഷണങ്ങളുമായി എത്തിയ നാനോ പക്ഷേ ഒടുവില്‍ വന്‍പരാജയമായി മാറി. നാനോ വിപണിയില്‍ നിന്നു പിന്മാറുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. രത്തന്‍ ടാറ്റയുടെ സ്വപ്നസാക്ഷാത്കാരമായ നാനോയുടെ ചരിത്രത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കാം.

ഗംഭീര അരങ്ങേറ്റം
ജനങ്ങളുടെ കാർ എന്ന കാഴ്ചപ്പാടിൽനിന്നായിരുന്ന നാനോയുടെ പിറവി.ടാറ്റയുടെ വർഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി 2008 ലെ ഡല്‍ഹി ഓട്ടോ എക്സ്‍പോ വേദിയിലാണ് നാനോയുടെ അരങ്ങേറ്റം കുറിച്ചത്. ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എല്ലാ മാധ്യമങ്ങളിലെല്ലാം നാനോ നിറഞ്ഞുനിന്നു. ബൈക്കില്‍ യാത്ര ചെയ്യുന്നവരൊക്കെ നാനോയിലേയ്ക്ക് മാറുമെന്ന് ലോകം പറഞ്ഞു. ജനങ്ങള്‍ കൂട്ടമായി ടൂവീലറില്‍ നിന്ന് നാനോയിലേയ്ക്ക് മാറുമ്പോള്‍ അന്തരീക്ഷമലിനീകരണവും ട്രാഫിക് തിരക്കും കൂടുമെന്നുമുള്ള വാദങ്ങള്‍ വിമര്‍ശകരും ഉയര്‍ത്തി.
അടിതെറ്റിയത് സിംഗൂരില്‍
നിര്‍മാണച്ചെലവ് പരമാവധി കുറച്ചാണ് നാനോയെ ടാറ്റ ഒരുക്കിയത്. പിന്നില്‍ ഉറപ്പിച്ച രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ , മാന്വല്‍ സ്റ്റിയറിങ് ,ടൂവിലറുകളുടെ പോലെ ലളിതമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയുള്ള കാറിന് ഏറ്റവും അത്യാവശ്യമായ ഫീച്ചറുകള്‍ മാത്രമേ നല്‍കിയുള്ളൂ. പാസഞ്ചര്‍ സൈഡിലെ മിറര്‍ പോലും ചെലവുചുരുക്കലിന്റെ ഭാഗമായി ഒഴിവാക്കി. പക്ഷേ ക്യൂട്ട് ലുക്കുള്ള നാനോയെ ജനങ്ങള്‍ക്ക് ഇഷ്ടമായി. എസിയില്ലാത്ത നാനോയാണ് ഒരു ലക്ഷം രൂപ വിലയ്ക്ക് പുറത്തിറങ്ങിയത്. 2008 ഒക്ടോബറില്‍ കാറിന്റെ വിതരണം ആരംഭിക്കാനായിരുന്നു ടാറ്റയുടെ ആദ്യ പദ്ധതി. എന്നാല്‍ പശ്ചിമബംഗാളിലെ സിംഗൂരില്‍ സ്ഥാപിച്ച പ്ലാന്റിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയതോടെ ടാറ്റ അവിടം വിടേണ്ടി വന്നു. പ്ലാന്റിനായി 1500 കോടി രൂപയാണ് ടാറ്റ മോട്ടോഴ്സ് മുതല്‍ മുടക്കിയത്. ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള സനന്ദില്‍ പുതിയ പ്ലാന്റ് സ്ഥാപിച്ചു. പുതിയ പ്ലാന്റിനായി 2000 കോടി രൂപ കൂടി ടാറ്റയ്ക്ക് മുടക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ ബാച്ച് നാനോ ഉത്പാദിപ്പിച്ചത് ഉത്തരാഖണ്ഡിലെ പാന്ത്നഗര്‍ പ്ലാന്റില്‍ നിന്നായിരുന്നു.

ബുക്ക് ചെയ്തത് 2.03 ലക്ഷം പേര്‍
2009 ഫെബ്രുവരിയിലാണ് നാനോയുടെ ബുക്കിങ് ആരംഭിച്ചത്.ഏപ്രില്‍ 25 ന് ബുക്കിങ് അവസാനിപ്പിക്കുമ്പോള്‍ നാനോയ്ക്ക് വേണ്ടി പണമടച്ചവരുടെ എണ്ണം 2.03 ലക്ഷം പേരായിരുന്നു. ഇതിലൂടെ ടാറ്റ മോട്ടോഴ്സിന് ലഭിച്ചത് 2500 കോടി രൂപയും.ബാങ്ക് ലോണ്‍ ആയോ 70000 രൂപ മുടക്കിയോ ആണ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കിയത്.ഏറ്റവും അധികം ബുക്കിങ് ലഭിച്ചത് എസിയുള്ള വകഭേദമായ എല്‍എക്സിനായിരുന്നു. ഇതിനിടെ ടാറ്റ ഷോറൂമുകളില്‍ നാനോയെ ഒരു നോക്കുകാണാന്‍ എത്തിയത് 14 ലക്ഷത്തിലേറെ പേരായിരുന്നു.

ബുക്കിങ് നഷ്ടപ്പെടാന്‍ ഒരു കാലം
ബുക്ക് ചെയ്തവരില്‍ നിന്ന് കംപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ലക്ഷം പേര്‍ക്ക് കാര്‍ വിതരണം ചെയ്യാനായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. പക്ഷേ വന്‍തോതിലുള്ള ബുക്കിങ്ങിന് അനുസരിച്ച് കാര്‍ ഉത്പാദിപ്പിക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞില്ല. പ്രതിവര്‍ഷം അറുപതിനായിരം നാനോ നിര്‍മിക്കാനുള്ള ശേഷിയേ ടാറ്റയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ. കാലതാമസം നേരിട്ടതോടെ ബുക്കിങ്ങുകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു. കൂനിന്‍മേല്‍ കുരുപോലെ , നിരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന നാനോയ്ക്ക് തീപിടിച്ചു നശിച്ചു എന്ന വാര്‍ത്ത വന്‍പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ വന്നു. ബുക്ക് ചെയ്തവര്‍ക്ക് നാനോ വേണ്ടെന്നു വയ്ക്കാന്‍ വേറെ കാരണം വേണ്ടായിരുന്നു.

വില കൂട്ടിയതും വിനയായി
പദ്ധതിയുടെ തുടക്കത്തില്‍ പ്ലാന്റ് മാറ്റിസ്ഥാപിക്കേണ്ടി വന്നത് അടക്കമുള്ള കാര്യങ്ങള്‍ ടാറ്റ മോട്ടോഴ്സിനു വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇത് നാനോയുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കി.ഒരു ലക്ഷം രൂപയുടെ കാര്‍ .എന്നു കൊട്ടിഘോഷിക്കപ്പെട്ട നാനോയെ കൂടുതല്‍ വില കൊടുത്ത് വാങ്ങാന്‍ പലരും തയ്യാറായില്ല.
നാനോയ്ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കി കൂടിയ വിലയ്ക്ക് നാനോ ട്വിസ്റ്റ്, നെസ്റ്റ് ജെൻ നാനോ എന്നീ വകഭേദങ്ങൾ പുറത്തിറക്കിയെങ്കിലും ലക്ഷം രൂപയുടെ കാര്‍ എന്ന ആദ്യകാല വിശേഷണം നാനോയ്ക്ക് ജനപ്രീതി നേടാന്‍ തടസമായി. വില്‍പ്പന വളരെ കുറവാണെങ്കിലും ഇത്രയും കാലം നാനോയെ കമ്പനി വിപണിയില്‍ നിലനിര്‍ത്തി പോന്നത് രത്തന്‍ ടാറ്റയ്ക്ക് നാനോയോടുള്ള ‘വൈകാരിക’ അടുപ്പം മൂലമായിരുന്നു. ഇത്രയുമൊക്ക ചെയ്തിട്ടും നാനോയ്ക്ക് ഗതികേട് മാറാത്ത സാഹചര്യത്തില്‍ അതിന്റെ ഉത്പാദനം നിര്‍ത്താനേ കമ്പനിയ്ക്ക് കഴിയൂ. എങ്കിലും ഓര്‍ഡര്‍ കൊടുത്താല്‍ സനന്ദ് പ്ലാന്റില്‍ നിന്ന് നാനോ ഉത്പാദിപ്പിച്ച് കിട്ടും..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...