ടാറ്റ നെക്സോണ്‍ എഎംടിയ്ക്ക് വിലക്കുറവുള്ള വകഭേദം

വില്‍പ്പന വിജയം നേടിയ കോംപാക്ട് എസ്‍യുവിയായ നെക്സോണിന് പുതിയൊരു വകഭേദം കൂടി. ക്ലച്ച് രഹിത ഡ്രൈവിങ് സാധ്യമാക്കുന്ന എഎംടി സാങ്കേതികവിദ്യയുള്ള നെക്സോണിന് ഇടത്തരം വകഭേദമായി എക്സ്‍എംഎയെയാണ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയത്. പെട്രോള്‍ മോഡലിന് 7.50 ലക്ഷം രൂപയും ഡീസലിന് 8.53 ലക്ഷം രൂപയുമാണ് എക്സ്‍ഷോറൂം വില. ഇതുവരെ മുന്തിയ വകഭേദമായ എക്സ്‍സെഡ്എ പ്ലസില്‍ മാത്രമാണ് നെക്സോണ്‍ എഎംടി ലഭ്യമായിരുന്നത്. ഇതിന് 9.41 ലക്ഷം രൂപ – 10.39 ലക്ഷം രൂപയായാണ് വില.

ആറ് സ്പീഡ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുന്ന ടാറ്റ കോംപാക്ട് എസ്‍യുവിയ്ക്ക് 110 ബിഎച്ച്പി ശേഷിയുള്ള 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ,1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളാണുള്ളത്. രണ്ട് എയര്‍ബാഗുകള്‍ , എബിഎസ്- ഇബിഡി, യുഎസ്ബി-ബ്ലൂടൂത്ത്- ഓക്സിലറി കണക്ടിവിറ്റിയുള്ള ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോളുകള്‍ , പവര്‍ വിന്‍ഡോ, എസി, പവര്‍ സ്റ്റിയറിങ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ , സെന്‍ട്രോല്‍ ലോക്കിങ്, ഇലക്ട്രിക് ഡോര്‍ മിററുകള്‍ എന്നിവ ഫീച്ചറുകളില്‍ പെടുന്നു. 60:40 അനുപാതത്തില്‍ മടക്കാവുന്ന റിയര്‍ സീറ്റും ഇതിനുണ്ട്.

നടപ്പ് സാമ്പത്തികവര്‍ഷം ആദ്യ കാല്‍ഭാഗം പിന്നിട്ടപ്പോള്‍ ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പന 52 ശതമാനം വര്‍ധിപ്പിച്ചതില്‍ മുഖ്യ പങ്കു വഹിച്ച മോഡലാണ് കോംപാക്ട് എസ്‍യുവിയായ നെക്സോണ്‍. നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്‍യുവിയുടെ പുതിയ വകഭേദം പുറത്തിറക്കി വില്‍പ്പന വീണ്ടും മെച്ചപ്പെടുത്താനാണ് ടാറ്റ മോട്ടോഴ്സിന്റെ നീക്കം. മാരുതി വിറ്റാര ബ്രെസ എഎംടിയുമായാണ് നെക്സോണ്‍ പ്രധാനമായും മത്സരിക്കുന്നത്. ഇതിന് 8.54 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില..

Leave a Reply

Your email address will not be published. Required fields are marked *

*