പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പരിഷ്കരിച്ച പതിപ്പ് ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലിറക്കി. ബാഹ്യരൂപത്തില്‍ എടുത്തു പറയത്തക്ക മാറ്റങ്ങള്‍ നവീകരിച്ച ജാസിനില്ല. എന്നാല്‍ ഫീച്ചറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. റേഡിയന്റ് റെഡ്, ലൂണാര്‍ സില്‍വര്‍ എന്നീ പെയിന്റുകള്‍, എല്‍ഇഡി ഉപയോഗിക്കുന്ന ടെയ്ല്‍ലാംപ് യൂണിറ്റ്, മുന്തി വകഭേദങ്ങള്‍ക്ക് ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ 2018 മോഡലിനുണ്ട്.
ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുളള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍ സീറ്റിന് ആം റെസ്റ്റ്, ഡ്രൈവറുടെ വശത്ത് വാനിറ്റി മിറര്‍ , കീ ലെസ് സ്റ്റാര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ , ക്രൂസ് കണ്ട്രോള് ( ഓട്ടോമാറ്റിക്കിന്) എന്നിവ പുതിയ ഫീച്ചറുകളില്‍ പെടുന്നു.
എന്ജിന് ഭാഗത്ത് മാറ്റമില്ല. 1.2 ലീറ്റര്‍ – 89 ബിഎച്ച്പി പെട്രോള്‍ , 1.5 ലീറ്റര്‍ ലീറ്റര്‍ – 98 ബിഎച്ച്പി ഡീസല്‍ എന്‍ജിനുകളാണ് ജാസിന്. പെട്രോള്‍ വകഭേദത്തിന് അഞ്ച് സ്പീഡ് മാന്വല്‍ , സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്സുകളുണ്ട്. ആറ് മാന്വല്‍ ഗീയര്‍ബോക്സാണ് ഡീസല്‍ വകഭേദത്തിന്. പ്രതീക്ഷിച്ചതുപോലെ സിവിടി ട്രാന്സ്മിഷന് ഡീസല്‍ ജാസിനു ഹോണ്ട നല്‍കിയില്ല. എബിഎസ് -ഇബിഡി, രണ്ട് എയര്‍ബാഗുകള്‍ , ചൈല്‍ഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനം എന്നിവ എല്ലാ വകഭേദത്തിനുമുണ്ട്.
2009 ലാണ് ജാസിനെ ഹോണ്ട ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ വിലക്കൂടുതലാണെന്ന കാരണം പറഞ്ഞ് ജനം ജാസിനെ കയ്യൊഴിഞ്ഞു. നാലു വര്‍ഷം കൊണ്ട് ആകെ 23,170 യൂണിറ്റ് വില്‍പ്പനയാണ് ജാസിനു നേടാനായത്. അതുകൊണ്ടുതന്നെ 2013 മാര്‍ച്ചില്‍ ജാസിന്റെ ഉത്പാദനം ഇന്ത്യയില്‍ കമ്പനി അവസാനിപ്പിച്ചു. ഹ്യുണ്ടായി ഐ 20 പോലുള്ള മോഡലുകള്‍ മെച്ചപ്പെട്ട വില്‍പ്പന നേടിയ പശ്ചാത്തലത്തില്‍ ജാസിനെ ഹോണ്ട വീണ്ടും ഇന്ത്യയില്‍ അവതരിപ്പിച്ചു.2015ജൂണിലായിരുന്നു തിരിച്ചുവരവ്. ആ വരവ് മോശമായില്ല. കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് 105,025 ജാസ് ഹാച്ചുകള് ഇന്ത്യന്‍ നിരത്തിലിറങ്ങി. ഇന്ത്യയിലെ രണ്ടാം തലമുറ ജാസിന്റെ നവീകരിച്ച പതിപ്പിലൂടെ ഹ്യുണ്ടായി എലൈറ്റ് ഐ 20 , മാരുതി ബലേനോ മോഡലുകളുമായി മത്സരം ശത്കമാക്കാനാണ് ഹോണ്ടയുടെ പുതിയ നീക്കം.ഹോണ്ട കാര്‍സ് ഇന്ത്യ ജൂണില്‍ 37.5 വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. പുതിയ അമെയ്സ് 17,602 എണ്ണം വില്‍പ്പന നടന്നു. പുതിയ ജാസിനും അധിക വില്‍പ്പന നേടാന്‍ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
പുതിയ ജാസിന്റെ പെട്രോളിന് നാലും ഡീസലിന് മൂന്നും വകഭേദങ്ങള്‍ ലഭ്യമാണ്.
ഡല്‍ഹി എക്സ്ഷോറൂം വില
പെട്രോള്‍ മാന്വല്‍ – വി -7.35 ലക്ഷം രൂപ, വിഎക്സ് 7.79 ലക്ഷം രൂപ.
ഓട്ടോമാറ്റിക് – വി സിടിവി 8.55 ലക്ഷം രൂപ, വിഎക്സ് സിവിടി 8.99 ലക്ഷം രൂപ.
ഡീസൽ – എസ്എംടി 8.05 ലക്ഷം രൂപ, വി എംടി 8.85 ലക്ഷം രൂപ, വിഎക്സ് 9.29 ലക്ഷം രൂപ..