ഹോണ്ട അമെയ്സിനെ തിരികെ വിളിച്ചു

കോംപാക്ട് സെഡാനായ അമെയ്സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന് തകരാറുള്ളതായി സംശയിക്കുന്ന 7,290 അമെയ്സ് കാറുകള്‍ക്കാണ് ഇതു ബാധകം. 2018 ഏപ്രില്‍ 17 നും മേയ് 24 നും ഇടയില്‍ നിര്‍മിച്ചവയാണവ. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന്റെ സെന്‍സറിനുള്ള തകരാര്‍ മൂലം സ്റ്റിയറിങ്ങിന് കട്ടിക്കൂടുതല്‍ ഉണ്ടാവുകയും സ്റ്റിയറിങ് തകരാര്‍ വ്യക്തമാക്കുന്ന ലൈറ്റ് തെളിയുന്നതുമാണ് പ്രശ്നം.
തകരാറുള്ളതായി സംശയിക്കുന്ന അമെയ്സുകളുടെ ഉടമകളുമായി ഈ മാസം 26 മുതല്‍ ഹോണ്ട നേരിട്ട് ബന്ധപ്പെട്ട് അടുത്തുള്ള ഹോണ്ട സര്‍വീസ് സെന്ററില്‍ വാഹനം എത്തിക്കാന്‍ നിര്‍ദേശം നല്‍കും. പരിശോധനയില്‍ തകരാര്‍ കണ്ടെത്തിയാല്‍ കമ്പനി ചെലവില്‍ അത് പരിഹരിച്ച് നല്‍കും. ഉപഭോക്താവിന് തന്റെ വാഹനത്തിന് തിരിച്ചുവിളി ബാധകമാണോ എന്നു സ്വയം പരിശോധിക്കാനുള്ള സംവിധാനം ഹോണ്ട വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

നാലു മീറ്ററില്‍ താഴെ നീളമുള്ള സെഡാനാണ് അമെയ്സ്. മേയ് 16 ന് വിപണിയിലെത്തിയ രണ്ടാം തലമുറ അമെയ്സാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. മാരുതി ഡിസയറുമായി മത്സരിക്കുന്ന അമെയ്സിന് പെട്രോള്‍ , ഡീസല്‍ വകഭേദങ്ങളുണ്ട്.1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 87 ബിഎച്ച്പിയും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 99 ബിഎച്ച്പിയുമാണ് കരുത്ത്. കൊച്ചി എക്സ്‍ഷോറൂം വില 5.59 ലക്ഷം രൂപ മുതല്‍..

Leave a Reply

Your email address will not be published. Required fields are marked *

*