പ്ലാവ് നട്ട് നാണ്യം കൊയ്യാന്‍ കാട്ടാക്കടക്കാര്‍; മൂന്ന് വര്‍ഷം കൊണ്ട് ചക്കപ്പട്ടണമാകും

കേരളത്തിന്റെ സ്വന്തം മാങ്ങാപട്ടണമാണ് മുതലമട. പലതരം മാങ്ങകള്‍, വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് നേട്ടം കൊയ്യുന്നവരാണിവര്‍. കേരളത്തിന്റെ വിപണിയില്‍ മാമ്പഴ മധുരം വിളമ്പി സീസണില്‍ പണം കൊയ്യുന്ന മുതലമടക്കാരുടെ വഴിയെ നടക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്ന ചെറുപഞ്ചായത്ത്.

എന്നാല്‍ മാങ്ങയല്ല,കേരളത്തിന്റെ സീസണല്‍ ഫ്രൂട്ടായ ചക്കയാണ് ലക്ഷ്യം.. സഹകരണ വകുപ്പിന്റെ ഹരിതം തിരുവനന്തപുരം കട്ടായ്ക്കോട് സര്‍വീസ് സഹകരണ ബാങ്കാണ് ചക്കഗ്രാമമാക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്.കാട്ടാക്കട പഞ്ചായത്തിന് മൂന്നുവര്‍ഷം കൊണ്ട് തന്നെ പലതരം ചക്കക്കളുടെ നാടാക്കി മാറ്റാനാണ് ശ്രമം. തേന്‍വരിക്ക മുതല്‍ ചെമ്പരത്തി വരിക്കവരെയുള്ള പ്ലാവിന്‍ തൈകളാണ് ഇതിനായി വിതരണം ചെയ്യുന്നത്.

കാട്ടാക്കട പഞ്ചായത്തിലെ 11 വാര്‍ഡുകളാണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. എന്നാല്‍, ചക്കാപട്ടണം തീര്‍ക്കാനുള്ള പദ്ധതിക്ക് ഈ പരിധി ബാധകമാക്കിയിട്ടില്ല. കാട്ടാക്കട പഞ്ചായത്തിലെല്ലാം പ്ലാവിന്‍ തൈകള്‍ നല്‍കി, വളര്‍ത്തിയെടുക്കാനാണ് ശ്രമം. 5000 തൈകളാണ് നല്‍കാനായി തയ്യാറാക്കുന്നത്. സര്‍ക്കാരിന്റെ ഹരിതകേരള മിഷന്റെ ഭാഗമായി സഹകരണവകുപ്പ് ഹരിതം സഹകരണം എന്നപേരില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഒരുലക്ഷം തൈകള്‍ സഹകരണ സ്ഥാപനങ്ങള്‍വഴി നട്ടുവളര്‍ത്താനായിരുന്നു തീരുമാനം. ഒരോ വര്‍ഷം ഓരോ മരങ്ങളെന്ന രീതിയിലാണ് സഹകരണ സ്ഥാപനങ്ങള്‍ നടാന്‍ നിര്‍ദ്ദേശിച്ചത്. ഇത്തവണ പ്ലാവായിരുന്നു. ഒരുലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചു. ജൂണ്‍ അഞ്ചിന് അവയെല്ലാം ആഘോഷപൂര്‍വം പലസ്ഥലങ്ങളിലായി നട്ടു.

ഈ പദ്ധതിക്കൊപ്പം ചേര്‍ന്നാണ് കാട്ടായ്ക്കോട് ബാങ്കും പ്ലാവിന്‍ തൈകള്‍ ഒരുനാടാകെ വളര്‍ത്താന്‍ തീരുമാനിച്ചത്. അതിനായി അത്യുല്‍പാദന ശേഷിയുള്ള തൈകളാണ് ശേഖരിച്ചത്. നാട്ടില്‍നിന്ന് അപ്രത്യക്ഷമായി തുടങ്ങിയ ചെമ്പരിത്തി വരിക്കയും തേന്‍വരിക്കയും തൈകളില്‍ ഉള്‍പ്പെടുത്തി. ഓരോ മാസവും 500 തൈകളെന്ന നിലയിലാണ് നടുന്നത്. പരിസ്ഥിതി ദിനത്തില്‍ തേന്‍വരിക്ക നല്‍കി. തുടര്‍ന്നുള്ള മാസം അരക്കില്ലാ ചക്കയുടെയും ചെമ്പരത്തി വരിക്കയുടെയുമൊക്കെ തൈകള്‍ നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് കാട്ടാക്കട സുബ്രഹ്മണ്യം പറഞ്ഞു.

മൂന്നുവര്‍ഷം കൊണ്ട് കായ്ക്കുകയും ഒരുസീസണില്‍ മുന്നൂറിലേറെ ചക്കനല്‍കുകയും ചെയ്യുന്ന തൈകളാണ് കാട്ടാക്കട പഞ്ചായത്തില്‍ വളരുന്നത്. അത്തരത്തില്‍ 5000 തൈകള്‍. ഇതില്‍ പാതിയെങ്കിലും വിളവുതന്നാല്‍ കാട്ടക്കട ചക്കപ്പട്ടണമാകും. മൂന്നുവര്‍ഷം കഴിയുമ്പോഴേക്കും തേന്‍വരിക്ക കാട്ടാകടക്കാര്‍ക്ക് സമൃദ്ധമാകും

Leave a Reply

Your email address will not be published. Required fields are marked *

*