ലോണ്‍ എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യം

ബാങ്ക് വായ്പയുടെയോ ക്രെഡിറ്റ് കാര്‍ഡിന്റെ തിരിച്ചടവ് വൈകിക്കാറുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കുക. പുതിയ വായ്പ അനുവദിച്ചുകിട്ടുന്നതിന് അത് തടസ്സം സൃഷ്ടിക്കും. കാരണം ഇത് സിബിലിന്റെ കാലമാണ്.

സിബില്‍ (CIBIL) എന്നാല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്. വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ അംഗങ്ങളായിട്ടുള്ള ക്രെഡിറ്റ് ബ്യൂറോയാണ് സിബില്‍ ‍. റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി (റഗുലേഷന്‍) ആക്ട് പ്രകാരമാണു ഇതിന്റെ പ്രവര്‍ത്തനം.

ഇന്ത്യയിലെ പൊതു – സ്വകാര്യ മേഖലകളിലെ എല്ലാ പ്രധാന ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സിബില്‍ അംഗങ്ങളാണ്. വായ്പകളുടെയും ക്രെഡിറ്റ്കാര്‍ഡ് ഇടപാടുകളുടെയും മറ്റും തിരിച്ചടവിലെ കൃത്യത പരിശോധിച്ച് എല്ലാ ബാങ്കിങ് ഉപഭോക്താക്കള്‍ക്കും സിബില്‍ വ്യക്തിഗത സ്കോര്‍നിശ്ചയിക്കുന്നു. 300-900 വരെ പോയിന്റ് പരിധിയിലാണു റേറ്റിങ്. വാഹനവായ്പയടക്കം ഏത് ഇടപാടുകളിലും കാര്യമായ വീഴ്ചയുണ്ടെങ്കില്‍ സ്കോര്‍ താഴും. സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്കോര്‍ ‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നീ വിവരങ്ങളിലൂടെ ബാങ്കുകാര്‍ക്ക് വായ്പാ അപേക്ഷരുടെ എല്ലാ മുന്‍ ഇടപാടുകളും സ്കോറും അറിയാന്‍ കഴിയും. ബാങ്ക് മാറി പരീക്ഷിച്ചാലും ഫലമില്ലെന്ന് ചുരുക്കം.

സ്കോര്‍ കുറഞ്ഞാല്‍ വായ്പ കിട്ടില്ല
വായ്പ തിരിച്ചടവില്‍ വരുത്തുന്ന കാലതാമസം സിബില്‍ സ്കോറില്‍ കാര്യമായ കുറവുണ്ടാക്കും. യഥാസമയം ഇഎംഐ അടയ്ക്കുന്നതില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വീഴ്ച വരുത്തിയാല്‍ പോലും സിബില്‍ സ്കോറില്‍ വലിയ കുറവുണ്ടാക്കും. ഇഎംഐ അടയ്ക്കാന്‍ മുപ്പത് ദിവസം വൈകിയാല്‍ സിബില്‍ സ്കോര്‍ 100 പോയിന്റ് വരെ കുറയുമെന്ന് അറിയുക. കൂടുതല്‍ വൈകും തോറും സ്കോര്‍ വീണ്ടും കുറയും. സ്കോര്‍ നിശ്ചിത പരിധിയില്‍ താഴെയായാല്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഒരു വായ്പ പോലും കിട്ടാത്ത സാഹചര്യമുണ്ടാകും.

 

വായ്പയുടെ മാസത്തവണകള്‍ കൃത്യസമയത്ത് അടയ്ക്കുന്നത് ഉപഭോക്താവിന് ധനകാര്യ ഇടപാടുകളിലുള്ള സത്യസന്ധതയാണ് വെളിവാക്കുന്നത്. കൂടുതല്‍ തുക വായ്പയായി നേടാനും കുറഞ്ഞ പലിശനിരക്കില്‍ വായ്പ നേടാനും ഉയര്‍ന്ന ബിബില്‍ സ്കോര്‍ സഹായിക്കും.

സിബിലിന്റെ നോട്ടപ്പുള്ളിയായാല്‍
വായ്പ തിരിച്ചടയ്ക്കാത്തവരെ സിബില്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തും. സിബിലിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉപഭോക്താവിന് സിബിലിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ പുതിയ ലോണിന് അപേക്ഷിക്കാന്‍ സാധിക്കൂ. സിബിലില്‍ അംഗമായ സ്ഥാപനം വ്യക്തമായ അന്വേഷണങ്ങള്‍ക്ക് ശേഷം പ്രശ്നങ്ങളില്ലാത്ത പക്ഷം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിലേക്ക് ഒരു നിശ്ചിത ഫീസ് ഈടാക്കാറുമുണ്ട്. ലോണ്‍ തിരിച്ചടവ് കഴിഞ്ഞ് ഉപഭോക്താവ് തന്റെ ഇടപാടുകാരില്‍ നിന്ന് ‘നോ ഡ്യൂ ലെറ്റര്‍’ കൈപ്പറ്റിയില്ലെങ്കില്‍ അയാള്‍ ബാധ്യതക്കാരനായി തുടര്‍ന്നു കൊണ്ടിരിക്കും. ഇതില്‍തന്നെ പെനാല്‍റ്റി കേസ് ഉണ്ടെങ്കില്‍ അതും സിബില്‍ റെക്കോര്‍ഡിനെ ബാധിച്ചേക്കും. അതുകൊണ്ടു വായ്പാ അടവ് കഴിഞ്ഞാല്‍ ഉടന്‍തന്നെ ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് അപേക്ഷിച്ച് വാങ്ങാന്‍ മറക്കാതിരിക്കുക.

വായ്പ എടുത്തവര്‍ മികച്ച സിബില്‍ സ്കോര്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രദ്ധിക്കണം. വാഹനവായ്പയടക്കം ഏതു വായ്പയും മുടക്കം കൂടാതെ കൃത്യമായി തിരിച്ചടയ്ക്കുക ശീലമാക്കണം. വരുമാനത്തിന് അനുസരിച്ച് മാത്രം വായ്പകള്‍ എടുക്കുക. ഇടപാടുകാര്‍ക്ക് അവരുടെ സിബില്‍ റേറ്റിങ് ഓണ്‍ലൈനിലൂടെ അറിയാനും സൗകര്യമുണ്ട്. അതിനായി സിബില്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

*