വനിതാ സംരംഭകർക്കായുള്ള സർക്കാർ പദ്ധതികൾ

ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്ന വനിതകൾക്കായി സര്‍ക്കാരും മറ്റു ഏജന്‍സികളും വിവിധ ധനസഹായ പദ്ധതികളും പരിശീലന പരിപാടികളും നടപ്പിലാക്കി വരുന്നുണ്ട്. സംസ്ഥാന വ്യവസായ വകുപ്പ്, വനിതാവികസന കോര്‍പ്പറേഷന്‍, സാമൂഹ്യക്ഷേമ വകുപ്പ്, ഫിഷറീസ്, കുടുംബശ്രീ തുടങ്ങിയവയിലൂടെയാണ് കേരളത്തിൽ പ്രധാനമായും ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നത്.

വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ

വനിതാ വ്യവസായ സംരംഭകര്‍ക്കായുള്ള ഗ്രാന്‍റ്

വനിതകള്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും 80 ശതമാനത്തിലധികം വനിതാജോലിക്കാരുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും സബ്സിഡിയോടുകൂടി ധനസഹായം ഈ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്.പരമാവധി 25000 രൂപവരെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ഗ്രാന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ജില്ലാപഞ്ചായത്ത് ഓഫീസിലാണ് സമർപ്പിക്കേണ്ടത്.

വനിതകൾ ആരംഭിക്കുന്ന വ്യവസായങ്ങളിൽ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം

ഈ പദ്ധതിപ്രകാരം വനിതാവ്യവസായ സഹകരണ സംഘങ്ങള്‍ക്ക് പരമാവധി 3.5 ലക്ഷം രൂപവരെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം നൽകും. ഇതിനുപുറമെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ആനുകൂല്യങ്ങളും നല്‍കിവരുന്നുണ്ട്. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ താലൂക്ക് വ്യവസായ ഓഫീസര്‍ വഴി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍ക്കാണ് സമർപ്പിക്കേണ്ടത്.

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പദ്ധതികൾ

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകള്‍ക്ക് 50000 രൂപവരെ ചെലവു വരുന്ന പദ്ധതികള്‍ തുടങ്ങാനായി വായ്പ നല്‍കുന്ന പദ്ധതിയാണിത്. വ്യക്തിഗത പദ്ധതികള്‍ക്കും പരമാവധി രണ്ടുലക്ഷം രൂപവരെ ചെലവുവരുന്ന നാലുപേര്‍ വരെ ചേര്‍ന്നുള്ള കുടുംബ സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും.

ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ട വനിതകൾക്കുള്ള വായ്പാ പദ്ധതി

മുസ്ലീം, ക്രിസ്ത്യന്‍, പാഴ്സി, ജൈനര്‍, ബുദ്ധമതക്കാര്‍ തുടങ്ങിയ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 50000 രൂപവരെ ചെലവുവരുന്ന പദ്ധതികള്‍ക്കും ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും അനുമതി ലഭിച്ച ചില പദ്ധതികള്‍ക്കും ഈ പദ്ധതി പ്രകാരം നേരിട്ട് വായ്പ ലഭിക്കും. 50000 രൂപയില്‍ കൂടുതല്‍ ചെലവുവരുന്ന സംരംഭങ്ങൾക്ക് ദേശീയ കോര്‍പ്പറേഷന്‍റെ അംഗീകാരത്തിന് വിധേയമായിട്ടും വായ്പ അനുവദിക്കുന്നതാണ്.

പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വനിതകൾക്കുള്ള വായ്പാ പദ്ധതി

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ധനസഹായം ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ സഹായത്തോടെ 50000 രൂപ ചെലവു വരുന്ന പദ്ധതികള്‍ക്കും ദേശീയ കോര്‍പ്പറേഷന്‍റെ അനുമതി ലഭിച്ച ചില നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കും ഈ പദ്ധതി മുഖാന്തിരം വായ്പ ലഭിക്കും. 50000 രൂപയ്ക്ക് മുകളില്‍ ചെലവുവരുന്ന പദ്ധതികള്‍ക്ക് ദേശീയ കോര്‍പ്പറേഷന്‍റെ അംഗീകാരത്തിന് വിധേയമായിട്ടാകും വായ്പ അനുവദിക്കുക.

പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ജിന്‍മണി വായ്പാ പദ്ധതി

പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിലെ വനിതകള്‍ക്കാണു ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംരംഭത്തിന്റെ ചെലവിന്‍റെ 60 ശതമാനം വരെ ബാങ്ക് വായ്പയുള്ളവര്‍ക്ക് പരമാവധി 1,75,000 രൂപവരെ മാര്‍ജിന്‍മണി വായ്പയായി ലഭിക്കുന്നതാണ്. വനിതാ വ്യവസായ സഹകരണ സംഘങ്ങള്‍ക്കും മഹിളാ സമാജങ്ങള്‍ക്കും തൊഴില്‍ സംരംഭങ്ങളും ചെറുകിട വ്യവസായ സംരംഭങ്ങളും ആരംഭിക്കുന്നതിനും ഈ പദ്ധതിപ്രകാരം വായ്പയ്ക്ക് അർഹതയുണ്ട്. അതേസമയം ബാങ്കിൽ വായ്പാതുക കുടിശ്ശിക വരുത്തിയിട്ടില്ലാത്ത സംഘങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. ഇതിനായി സ്വന്തമായി തയ്യാറാക്കിയ അപേക്ഷ കോര്‍പ്പറേഷന്‍റെ അതത് മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം.

കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ഉപദേശക ബോര്‍ഡിന്റെ പദ്ധതികൾ

സന്നദ്ധ സംഘടനകള്‍ക്കുള്ള തൊഴില്‍ദാന പദ്ധതി

നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനകള്‍ക്ക് ചെറുകിട വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ ഈ പദ്ധതി വഴി മൂന്നുലക്ഷം രൂപവരെ ഗ്രാന്‍റ് ലഭിക്കുന്നതാണ്. സംഘടനയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി സഹിതം സാമൂഹ്യക്ഷേമ ബോര്‍ഡിൽ ഇതിനുള്ള അപേക്ഷ സമർപ്പിക്കാം.​​​​​​​

തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകള്‍

വനിതകള്‍ക്കു ചേരുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്താന്‍ വിവിധ സംഘടനകള്‍ക്ക് ഈ പദ്ധതി പ്രകാരം ഗ്രാന്റ് നൽകും.

ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യബോര്‍ഡ് തുടങ്ങിയവയുടെ പദ്ധതികൾ
.
അലങ്കാരമത്സ്യകൃഷിക്ക് സഹായം

മത്സ്യഫെഡില്‍ അംഗത്വമുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകള്‍ക്ക് അലങ്കാര മത്സ്യകൃഷി തുടങ്ങാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. അതാതു സ്ഥലത്തെ മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

മത്സ്യവിപണനത്തിന് സഹായം

മത്സ്യവിപണനത്തിനുവേണ്ടി മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഈ പദ്ധതി പ്രകാരം 6000 രൂപ വായ്പയായി നല്‍കി വരുന്നുണ്ട്. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ധനസഹായത്തോടുകൂടിയാണു ഈ തുക നൽകുന്നത്. മത്സ്യവിപണനത്തിന് വനിതകള്‍ക്ക് മോപ്പഡ് നല്‍കുന്ന പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മത്സ്യവിപണന ബൂത്തുകള്‍ നടത്തുന്നതിന് വനിതാബാങ്ക് മുഖേന 50000 രൂപ സബ്സിഡി അനുവദിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതി

ഈ പദ്ധതി പ്രകാരം മത്സ്യക്കച്ചവടം, മത്സ്യം ഉണക്കി വില്‍പന, തഴപ്പായ നിര്‍മ്മാണം, മത്സ്യ അച്ചാര്‍ യൂണിറ്റുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ചെമ്മീന്‍ പീലിംഗ് തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കാന്‍ മത്സ്യതൊഴിലാളികളായ വനിതകള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേനയും മത്സ്യഫെഡ് വഴിയും ധനസഹായം ലഭിക്കും. മത്സ്യഫെഡിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് മത്സ്യഫെഡിന്‍റെയും ഫിഷറീസ് വകുപ്പിന്‍റെയും ഓഫീസുകള്‍ വഴി അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്.​​​​​​​

സാമൂഹ്യക്ഷേമ വകുപ്പിന്റെ പദ്ധതികൾ

സ്റ്റെപ്പ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴില്‍രഹിതരായ വനിതകള്‍ക്ക് പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയാണ് സ്റ്റെപ്പ് . തൊഴില്‍ പദ്ധതികള്‍ നടത്താനുദ്ദേശിക്കുന്ന സന്നദ്ധ സംഘടനകള്‍ വഴിയാണ് ധനസഹായം നൽകിവരുന്നത്. പ്രോജക്ട് റിപ്പോര്‍ട്ടും പൂരിപ്പിച്ച അപേക്ഷാ ഫോമും സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസര്‍ക്കാണ് സമർപ്പിക്കേണ്ടത്.

നൊറാഡ്

പരമ്പരാഗത തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പദ്ധതിയാണിത്. നോര്‍വീജിയന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് (നൊറാഡ്)ന്‍റെ ധനസഹായത്തോടെ ആരംഭിച്ച ഈ പദ്ധതി സന്നദ്ധ സംഘടനകള്‍ വഴിയാണ് നടപ്പാക്കിവരുന്നത്.

കുടുംബശ്രീ പദ്ധതികള്‍

ഡി.ഡബ്ലിയൂ.സി.വി.എ

നഗരപ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വികസന പദ്ധതിയാണിത്. സുവര്‍ണ്ണ ജയന്തി നഗര തൊഴില്‍ദാന പദ്ധതി (എസ്.ജെ.എസ്.ആര്‍.വൈ.) പ്രകാരം നഗരപ്രദേശങ്ങളിലെ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള തൊഴിലവസര പദ്ധതിയും ഇതിന്റെ ഭാഗമാണ്. ചുരുങ്ങിയത് പത്തു സ്ത്രീകളെങ്കിലുമുള്ള അയല്‍കൂട്ടങ്ങളിലെയോ വാര്‍ഡിലെയോ സംഘങ്ങള്‍ക്ക് പദ്ധതി പ്രകാരം 2.50 ലക്ഷംവരെ ധനസഹായം ലഭിക്കും.

വ്യക്തിഗത സ്വയംതൊഴില്‍ പദ്ധതി

നഗരപ്രദേശങ്ങളിലെ ദരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് വ്യക്തിഗത തൊഴില്‍ സംരംഭം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. പദ്ധതി പ്രകാരം അനുവദിക്കുന്ന തുകയുടെ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പരമാവധി 50000 രൂപ ധനസഹായം ലഭിക്കും. അയല്‍കൂട്ടങ്ങൾ വഴിയാണു ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

*