സംരംഭത്തിനായി സ്ഥലം വാടകയ്ക്ക് വേണോ?; 50% സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഐടി നയത്തിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 ശതമാനം വരെ സബ്‌സിഡി നിരക്കില്‍ സ്ഥലം വാടകയ്ക്ക് നല്‍കാന്‍ പദ്ധതി. ഇതിനായി യുവസംരംഭകര്‍ക്കായി രൂപീകരിച്ച യംഗ് ഒണ്‍ട്രപ്രണര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമില്‍നിന്ന് ഫണ്ട് കണ്ടെത്തും. സര്‍ക്കാരിന് കീഴിലുള്ള വിവിധ ഐടി-വ്യവസായ പാര്‍ക്കുകളിലെ കെട്ടിടടങ്ങളിലായിരിക്കും സ്ഥലം നല്‍കുക. ചതുരശ്ര അടിക്ക് ഇരുപത് രൂപയുടെ ഇളവോ, പാര്‍ക്കില്‍ സ്ഥലം അനുവദിക്കുന്ന നിരക്കിന്റെ 50 ശതമാനമോ സബ്‌സിഡിയായി ലഭിക്കും.

നിലവില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്ന സ്‌കെയില്‍ അപ് പ്രോഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വൈദ്യുതി, വെള്ളം ഉള്‍പ്പെടെ സൗകര്യമുള്ള ബില്‍റ്റപ് സ്‌പേസ് സംരംഭകന് ലഭിക്കും. 10,000 ചതുരശ്ര അടിയോ, ഒരു ജീവനക്കാരന് 70 ചതുരശ്ര അടിയെന്ന നിലയിലോ ആയിരിക്കും സ്ഥലം അനുവദിക്കുക. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. മൊത്തം വാടക അടച്ചശേഷമായിരിക്കും സബ്‌സിഡി തിരികെ നല്‍കുക. മൂന്നുവര്‍ഷത്തേക്ക് സബ്‌സിഡി ലഭിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുടിശികയുള്ള സ്ഥാപനങ്ങള്‍ സബ്‌സിഡിക്ക് അര്‍ഹരായിരിക്കില്ല.

ആനൂകൂല്യത്തിനായി നിശ്ചിയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഇങ്ങനെ: കമ്പനികളുടെ വാര്‍ഷിക വരുമാനം ചുരങ്ങിയത് 50 ലക്ഷം രൂപ. ഒന്നരക്കോടി രൂപയുടെ നിക്ഷേപം നേടിയ സംരംഭങ്ങള്‍ക്കും അപേക്ഷിക്കാം. സംരംഭങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കണം. 70% ജീവനക്കാര്‍ സംസ്ഥാനത്തുനിന്നുള്ളവരാകണം. ചുരുങ്ങിയത് 10 ജീവനക്കാര്‍ വേണം. ഈ മാനദണ്ഡങ്ങള്‍ പാലിച്ച് ഇപ്പോള്‍ വിവിധ പാര്‍ക്കുകകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കും പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*