Home / A Slider / സണ്‍റൂഫ് മാതൃകയിലുള്ള സ്റ്റാര്‍ട്ടപ്പിന് കേരളത്തില്‍ വിജയസാധ്യതയേറെ

സണ്‍റൂഫ് മാതൃകയിലുള്ള സ്റ്റാര്‍ട്ടപ്പിന് കേരളത്തില്‍ വിജയസാധ്യതയേറെ

വര്‍ധിച്ചുവരുന്ന കറന്റ് ചാര്‍ജ്, ഇടയ്ക്കിടെയുള്ള വൈദ്യുതി തടസം. രണ്ടിനും പരിഹാരമാണ് സോളാര്‍ എനര്‍ജി. നമ്മുടെ രാജ്യത്താണെങ്കില്‍ വെയില്‍ ധാരാളം കിട്ടാനുമുണ്ട്. സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനും അതിന്റെ സബ്സിഡി നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുമാണ് പലരെയും സോളാറില്‍ നിന്ന് അകറ്റുന്നത്. ഈ യാഥാര്‍ഥ്യം മനസിലാക്കി അതിനു ഉചിതമായ പരിഹാരം അവതരിപ്പിച്ച് വിജയം നേടിയിരിക്കുകയാണ് സണ്‍റൂഫ് എന്ന സ്റ്റാര്‍ട്ടപ്പ്.

സോളാര്‍ പാനല്‍ ഉറപ്പിച്ച് വീട് വൈദ്യുതീകരിക്കുന്ന ജോലി വേഗത്തില്‍ ചെയ്തുകൊടുത്താണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ സണ്‍റൂഫ് വിജയരഥത്തിലേറിയത്. ആവശ്യക്കാരന്‍ ഓണ്‍ലൈനിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സണ്‍റൂഫുമായി ബന്ധപ്പെടുകയേ വേണ്ടൂ. സബ്സിഡി ലഭ്യമാക്കാനുള്ള കടലാസ് ജോലികള്‍, വീടിന്റെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ സണ്‍റൂഫ് ഘടന തയ്യാറാക്കല്‍ , സണ്‍റൂഫ് ഉറപ്പിക്കല്‍ , അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം നിറവേറ്റിത്തരും. ഉപഭോക്താവിന് യാതൊരു തലവേദനയുമില്ല. പണം മുടക്കിയാല്‍ മാത്രം മതി. മിച്ചം വരുന്ന വൈദ്യുതി വില്‍ക്കാനും സണ്‍റൂഫ് സൌകര്യമൊരുക്കുന്നു. ഓണ്‍ലൈനായി വൈദ്യുതിയുടെ കണക്കെടുപ്പ് നടത്തിയാണ് അധിക വൈദ്യുതിയുടെ വില്‍പ്പന. ഇങ്ങനെ ഉപഭോക്താവിന് സാമ്പത്തികനേട്ടവും ഉണ്ടാക്കാനാവുന്നു.

സോളാര്‍ വൈദ്യുതി മേഖല അതിവിപുലം

രാജ്യം നേരിടുന്ന ഊര്‍ജപ്രതിസന്ധി നേരിടാന്‍ പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സണ്‍റൂഫിന്റെ പ്രവര്‍ത്തനം. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും തടയിടാന്‍ പാരമ്പര്യേതര ഊര്‍ജ സോതസുകളുടെ ഉപയോഗം ഫലപ്രദം തന്നെ. വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കുരയില്‍ ഉറപ്പിച്ച സോളാര്‍ പാനലുകളിലൂടെ 2022 ഓടെ 40 ഗിഗാവാട്ട്സ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കേന്ദസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.ഒരു ഗിഗാവാട്ട്സ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 6,889 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍ . നിലവില്‍ ഇത്തരത്തില്‍ ഒരു ഗിഗാവാട്ട്സ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 39 ഗിഗാഹെട്സ് ഉത്പാദനത്തിനായി 2,68,671 കോടി രൂപയുടെ ബിസിനസാണ് ഈ മേഖലയില്‍ കാത്തുകിടക്കുന്നതെന്ന് സണ്‍റൂഫിന്റെ സ്ഥാപകരിലൊരാളായ പ്രാണേഷ് ചൌധരി പറയുന്നു. ഖരക്പൂര്‍ ഐഐറ്റിയില്‍ തന്റെ സഹപാഠിയായിരുന്ന സുശാന്ത് സച്ചനുമായി ചേര്‍ന്നാണ് പ്രാണേഷ് സണ്‍റൂഫ് എന്ന സ്റ്റാര്‍ട്ടപ്പിനു തുടക്കമിട്ടത്.

ഇമേജ് പ്രൊസസ്സിങ് , വിര്‍ച്ചുവല്‍ റിയാലിറ്റി, ഡാറ്റ അനലിറ്റിക്സ് എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ലഭിച്ചാലുടന്‍ സണ്‍ റൂഫ് എന്‍ജിനിയറെ ലൊക്കേഷനിലേയ്ക്ക് അയയ്ക്കും. എത്രമാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനാവും എന്നു വിലയിരുത്തും.പാനലില്‍ നിഴല്‍ പതിക്കാത്ത വിധം വിദഗ്ധമായ രീതിയിലും കെട്ടിടത്തിന്റെ രൂപത്തിന് ഇണങ്ങുന്നതുമായ സോളാര്‍ പാനല്‍ ഘടനയാണ് എന്‍ജിനിയര്‍ തയ്യാറാക്കുന്നത് ഡിസൈന്‍ തീര്‍ച്ചയാക്കിയാല്‍ സോളാര്‍ പാനല്‍ വിപണനം നടത്തുന്നവരില്‍ നിന്ന് ഉപഭോക്താവിന് വിലവിവരങ്ങള്‍ ലഭ്യമാക്കും. അതിനുശേഷം ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കിണങ്ങും വിധം സോളാര്‍ പാനലുകള്‍ വിന്യസിക്കുന്നു.

തുടക്കം സ്വന്തം പണം മുടക്കി

സ്വന്തം പണം നിക്ഷേപിച്ചാണ് രണ്ടുവര്‍ഷം മുമ്പ് പ്രാണേഷും സുശാന്തും ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ഇന്ന് ഇവരടക്കം 65 ജീവനക്കാരുള്ള സ്ഥാപനമായി അത് വളര്‍ന്നു. പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകര്‍ കോടിക്കണക്കിനു രൂപ നിലവില്‍ സണ്‍റൂഫില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ 40 കോടി രൂപയാണ് വിറ്റുവരവ്. കൂടുതല്‍ നിക്ഷേപം സ്വികരിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിലൂടെ വിറ്റുവരവ് ഒരു വര്‍ഷത്തിനകം മൂന്നിരട്ടിയായി ഉയര്‍ത്താനാണ് ഈ സംരംഭകര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ വടക്കേ ഇന്ത്യയിലെ 10 വലിയ നഗരങ്ങളില്‍ സണ്‍റൂഫിന് ഉപഭോക്താക്കളുണ്ട്. ഡല്‍ഹി, ആഗ്ര, ചണ്ഡിഗഡ്, ജയ്പൂര്‍ , ലുധിയാന, ലക്നൌ എന്നിവിടങ്ങളില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

സണ്‍റൂഫിന്റെ മാതൃകയിലുള്ള സ്റ്റാര്‍ട്ടപ്പിനു കേരളത്തിലും ഏറെ വിജയസാധ്യതയുണ്ട്. പുത്തന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ,എന്‍ജിനിയറിങ് മേഖലയില്‍ അറിവുള്ളവര്‍ക്ക് ഇത്തരമൊരു സംരംഭം തുടങ്ങുന്നത് സംബന്ധിച്ച് ആലോചിക്കാവുന്നതാണ്.
വെബ്സൈറ്റ്
https://www.zunroof.com/

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey