കാത്തലിക് സിറിയന്‍ ബാങ്ക് വിദേശ കമ്പനിയുടെ കൈകളിലേക്ക്

തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51% ഓഹരി വിദേശ കമ്പനിയുടെ കൈകളിലേക്ക്. ഓഹരി ഏറ്റെടുക്കുന്നതിന് റിസര്‍വ് ബാങ്ക് പച്ചക്കൊടി കാണിച്ചു. കാനഡ ആസ്ഥാനമായ സാമ്പത്തിക സ്ഥാപനമായ ഫെയര്‍ഫാക്‌സിയാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. ഫെയര്‍ഫാക്‌സിന്റെ നിയന്ത്രണത്തിലുള്ള തോമസ് കുക്കിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തുമെന്നാണു സൂചന. ഇതിനുപുറമെ ഡയറക്ടര്‍മാരെ നിയമിക്കാനും ഫെയര്‍ഫാക്‌സിന് അധികാരമുണ്ടാകും. മുന്‍പു കാത്തലിക് സിറിയന്‍ ബാങ്ക് ഏറ്റെടുക്കാന്‍ വിദേശ സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തിയ ശ്രമം കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തിയിരുന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന്റെ ഭൂരിഭാഗം ഓഹരിയും ഏറ്റെടുക്കാന്‍ വിദേശ കമ്പനിക്കു റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടുന്നത്. ബാങ്കിന് ഇപ്പോള്‍ 8.10 കോടി ഓഹരികളാണ് ഉള്ളത്. ഇതിനു പുറമെയാണ് 8.20 കോടിയോളം ഓഹരികള്‍ ഫെയര്‍ഫാക്‌സിനു നല്‍കുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാത്ത ബാങ്കിന്റെ 10 രൂപ ഓഹരിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 180 രൂപ വരെ വിലയുണ്ട്. എത്ര രൂപയ്ക്കാണു ഫെയര്‍ഫാക്‌സിന് ഓഹരി വില്‍ക്കുന്നതെന്നു പ്രഖ്യാപിച്ചിട്ടില്ല. 140 രൂപയോളം നല്‍കിയാണു സ്വന്തമാക്കുന്നതെന്നു സൂചനയുണ്ട്. 1200 കോടി രൂപയെങ്കിലും ബാങ്കിന്റെ നിയന്ത്രണത്തിനായി ഫെയര്‍ഫാക്‌സ് നിക്ഷേപിക്കുമെന്നാണു കരുതുന്നത്.

ഏറ്റെടുക്കുന്ന ഓഹരികളില്‍ എത്ര ശതമാനത്തിനു വോട്ടവകാശമുണ്ടെന്നു ധാരണയായിട്ടില്ല. നാലു വ്യവസായികള്‍ക്കും രണ്ടു സ്ഥാപനങ്ങള്‍ക്കും ബാങ്കില്‍ അഞ്ചു ശതമാനം ഓഹരിയുണ്ട്. ഇവരെല്ലാം ഒത്തുചേര്‍ന്നാല്‍പ്പോലും ഫെയര്‍ഫാക്‌സിന്റെ ഭൂരിപക്ഷം മറികടക്കുക എളുപ്പമല്ല. കാരണം, ഭൂരിഭാഗം ഓഹരികളും രേഖപ്രകാരം ചെറുകിട നിക്ഷേപകരുടെ കൈകളിലാണ്. ഉയര്‍ന്ന ഓഹരിയുള്ള രണ്ടു വ്യവസായികള്‍ ഫെയര്‍ഫാക്‌സിനെ തുണയ്ക്കുന്നവരുമാണ്. ഫലത്തില്‍ കാത്തലിക് സിറിയന്‍ ബാങ്ക് പൂര്‍ണമായും വിദേശ ആധിപത്യത്തിലേക്കു മാറും.

രണ്ടു ഡയറക്ടര്‍മാരെ നിയമിക്കാനാണു ബാങ്കുമായുള്ള ധാരണയെങ്കിലും എത്ര ഡയറക്ടര്‍മാരെ നിയമിക്കാന്‍ അധികാരമുണ്ടാകുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *

*