Don't Miss
Home / A Slider / വ്യാപാര യുദ്ധം ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വിത്ത്; പിടിച്ചുനില്‍ക്കാന്‍ ഇന്ത്യ വിയര്‍ക്കേണ്ടി വരുമോ?

വ്യാപാര യുദ്ധം ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വിത്ത്; പിടിച്ചുനില്‍ക്കാന്‍ ഇന്ത്യ വിയര്‍ക്കേണ്ടി വരുമോ?

ടി കെ സബീന

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം രാജ്യങ്ങള്‍ തമ്മിലുള്ള അന്തര്‍ദേശീയ ബന്ധങ്ങളില്‍ ആശങ്ക വിതച്ച് മുന്നേറുകയാണ്. ഇറാന്റെ സാമ്പത്തിക സ്ഥിരത തകര്‍ക്കുക എന്ന പ്രഥമ ലക്ഷ്യത്തില്‍ ആരംഭിച്ച ട്രംപിന്റെ നീക്കങ്ങള്‍ യൂറോപ്യന്‍രാജ്യങ്ങളുമായും ചൈന,ഇന്ത്യ,കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള അപ്രഖ്യാപിത വ്യാപാര യുദ്ധത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. എണ്ണപ്പാടങ്ങളുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പരിപൂര്‍ണ നിയന്ത്രണം മാത്രം ഉന്നംവെച്ചുള്ള നീക്കങ്ങള്‍ അമേരിക്ക ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍ ഇറാന്‍ എന്ന ഒറ്റയാനെ തളയ്ക്കാനുള്ള ചങ്ങല യുഎസിന്റെ പക്കലില്ല. കാലങ്ങളായുള്ള ഉപരോധങ്ങളെയൊക്കെ മറികടന്ന് എണ്ണ കയറ്റുമതിയിലൂടെ അന്തര്‍ദേശീയ വ്യാപാര മേഖലയിലേക്ക് കടന്നുവരികയായിരുന്ന ഇറാന്റെ വളര്‍ച്ചയിലുള്ള അസൂയയും യുദ്ധപ്രഖ്യാപനത്തിനുള്ള ചില കാരണങ്ങളില്‍ ഒന്നാണെന്ന് വേണം കരുതാന്‍. നേരത്തെ തന്നെ ട്രംപിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ചൈനയെയും ഇതിന്റെ മറവില്‍ ആക്രമിക്കാമെന്ന അജണ്ടയും ട്രംപ് വെളിവാക്കികഴിഞ്ഞു.

കാലങ്ങളായുള്ള യു എസ് -ചൈന വ്യാപാര ബന്ധത്തിലേ നിര്‍ണായകമായൊരു വഴിത്തിരിവായാണ് ട്രംപ് സര്‍ക്കാര്‍ ഈ നീക്കത്തെ കാണുന്നത്. അപൂര്‍വമായി ഉപയോഗിക്കാറുള്ള വ്യാപാരനിയമം 1974-ലെ 301-ആം വകുപ്പുപയോഗിച്ച് ചൈനയുടെ ബൗദ്ധിക സ്വത്തവകാശ ലംഘനത്തിനെക്കുറിച്ച് USTR ഏഴു മാസം നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഈ നീക്കത്തിലെത്തിയതെന്നും വ്യക്തമാകുന്നു.

മുന്നറിയിപ്പുകളുമായി സാമ്പത്തിക ലോകം

ഇന്ത്യയെയും ചൈനയെയും ഇറാനില്‍ നിന്നുള്ള ഇറക്കുമതി കാണിച്ചാണ് ഭീഷണിപ്പെടുത്തുന്നതെങ്കില്‍ കാനഡയും യൂറോപ്യന്‍രാജ്യങ്ങളിലെയും ഇറക്കുമതിക്ക് തീരുവ കനത്ത തോതില്‍ ചുമത്താനുള്ള അജണ്ടയ്ക്ക് പുറകില്‍ എന്താണെന്നത് അതിശയകരമാണ്. സ്റ്റീല്‍,ഉരുക്ക് അടക്കമുള്ള സാധനങ്ങളുടെ ഇത്തരം രാജ്യങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് കണ്ണുംപൂട്ടി തീരുവ നിശ്ചയിച്ചപ്പോള്‍ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരുന്നു . എന്നാല്‍ 1930 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ തിരിച്ചുകൊണ്ടുവരുന്നതിനാകുമോ ട്രംപ് തുടക്കമിട്ട ഈ സാമ്പത്തിക യുദ്ധം എന്ന ആശങ്കയാണ് ലോകത്തിനാകെയുള്ളത്.

വിശാല അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ആഗോള സാമ്പത്തിക പുനരുജ്ജീവനത്തിനെ വര്‍ഷങ്ങളോളം മന്ദീഭവിപ്പിക്കാന്‍ ഈ വ്യാപാരയുദ്ധം വഴിവെച്ചേക്കുമെന്ന് തന്നെയാണ് പ്രമുഖ സാമ്പത്തിക നയനിര്‍മാതാക്കളുടെ അഭിപ്രായം. യുഎസ് തീരുവ മൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുമെന്ന് വാള്‍മാര്‍ട്ടും ആമസോണും പോലുള്ള കമ്പനികളുടെ വ്യാപാര പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. സാധാണ വാണിജ്യ തര്‍ക്കങ്ങളില്‍ പോലും മൗനം പാലിക്കുന്ന കേന്ദ്രബാങ്കുകള്‍ പോലും വ്യാപാര യുദ്ധത്തിനെതിരെ രംഗത്തെത്തിയെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.

‘വാണിജ്യനയം ആശങ്കയുണ്ടാക്കുന്നുവെന്നാണ് ലോകത്തിലെ പ്രധാന വ്യാപാരതലവന്‍മാര്‍ പറയുന്നതെന്ന് ‘ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.പ്രശനങ്ങള്‍ ഫെഡറല്‍ റിസര്‍വിന്റെ കാഴ്ച്ചപ്പാടുകള്‍ മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ‘വര്‍ധിച്ച സംരക്ഷണ സ്വഭാവം’ ആഗോള വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയ മുന്നറിയിപ്പ്. ലോകവ്യാപാര സംഘടനയുടെ ഇടപെടലും ഇതുവരെ ഫലം കണ്ടില്ലെന്ന കാര്യം പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.

ട്രംപിന്റെ അവകാശവാദങ്ങള്‍

യുഎസിന്റെ വ്യാപരകമ്മി ഇല്ലാതാക്കുക,തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് തന്നെ വ്യാപാരയുദ്ധത്തിലേക്ക് എത്തിച്ചതെന്നാണ് ട്രംപിന്റെ മറ്റൊരു അവകാശവാദം. ചൈനയുമായുള്ള വ്യാപാരയുദ്ധം ഷി ചിന്‍പിങിനെ പ്രകോപിപ്പിക്കാനല്ലെന്നും അദേഹത്തെ സുഹൃത്തായാണ് കാണുന്നതെന്നും ഇതിനിടെ ട്രംപ് പ്രസ്താവനയിറക്കി. പക്ഷെ ചൈനയുമായുള്ള യുഎസിന്റെ വ്യാപാര കമ്മി ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കമ്മിയാണെന്നും ട്രംപ് അവകാശപ്പെടുന്നു.

ചൈന/ യുഎസ്

സംഗതി വ്യാപാരയുദ്ധത്തിലേക്ക് നീങ്ങിയെങ്കിലും യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 1979ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുന:സ്ഥാപിച്ചത്. അന്ന് 250 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 51,960 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇരുവരും തമ്മിലുള്ളത്. കഴിഞ്ഞ നവംബറില്‍മാത്രം 25,000 കോടി ഡോളറിന്റെ ഇടപാടുകള്‍ക്കുള്ള കരാറിലാണ് രണ്ട് രാജ്യങ്ങളും ഒപ്പുവെച്ചത്.

ചൈനയില്‍ നിന്നുള്ള ഇരുമ്പ്,അലൂമിനിയം ഇറക്കുമതിക്ക് 25 % ഇറക്കുമതി ചുങ്കമാണ് ചുമത്തിയത്. കൂടാതെ രണ്ടായിരം കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ചുമത്താനും ആലോചനയുണ്ടെന്ന് ട്രംപ് അറിയിച്ചിരുന്നു. 34 ബില്യണ്‍ യുഎസ് ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്കും കൂടുതല്‍തീരുവ ചുമത്തിയിരുന്നു.
എന്നാല്‍ ഇതേനാണയത്തില്‍ തന്നെ മറുപടി നല്‍കിയ ചൈന യുഎസില്‍ നിന്നുള്ള ഇലക്ട്രിക് കാര്‍,വിസ്‌കി അടക്കമുള്ള 5000 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി മറുപടി നല്‍കി. കൂടാതെ ചൈനീസ് വിപണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താനും സാഹചര്യമൊരുക്കുമെന്നും ചൈന നിലപാടെടുത്തു.

വ്യാപാരയുദ്ധം യുഎസിനെ തിരിഞ്ഞുകൊത്തുന്ന പാമ്പ്

ചൈനയുമായുള്ള വ്യാപാരയുദ്ധം യുഎസിനെ തന്നെ തിരിഞ്ഞുകൊത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ചൈനയ്ക്കെതിരായ യുഎസ് യുദ്ധം അമേരിക്കയിലെ ചെറുകിട കര്‍ഷകരെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
യു.എസിലെ ചെറി, ബദാം കര്‍ഷകര്‍ ഇതിനോടകം വിപണി കിട്ടാതെ പ്രതിസന്ധിയിലായിരിക്കയാണെന്ന് ചൈനീസ് പത്രമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതിയെ ആശ്രയിക്കുന്ന ഈ മേഖലകളില്‍ ഈ വര്‍ഷം വന്‍ വിളവെടുപ്പാണുണ്ടായിരിക്കുന്നത്.

കാലിഫോര്‍ണിയ ആല്‍മണ്ട് ഒബ്ജക്ടീവ് മെഷര്‍മെന്റ് റിപ്പോര്‍ട്ട് പ്രകാരം ഇത്തവണ ബദാം വിളവെടുപ്പ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7.9 ശതമാനം വര്‍ധിച്ച് 2.45 ബില്ല്യണ്‍ പൗണ്ടായിരിക്കയാണ്. 34ബില്ല്യണ്‍ ഡോളര്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയ യു.എസ് നടപടിയോട് പ്രതികാരമായി ചൈന യു.എസ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയതാണ് യു.എസ് കാര്‍ഷിക ഉത്പന്നങ്ങളെ ബാധിക്കുന്നത്. യു.എസില്‍ നിന്നും സമാന തുകയ്ക്കുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍,വാഹനങ്ങള്‍,അക്വാറ്റിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് നികുതി ചുമത്തി ചൈന അതേ നാണയത്തില്‍ തിരിച്ചടിച്ചു.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ചൈന 50 ശതമാനം നികുതി ചുമത്തിയതോടെ യു.എസ് ബദാമിന് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബദാമിനേക്കാള്‍ ഇരട്ടി വിലയേറും. ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യു.എസ് കര്‍ഷകര്‍ പറയുന്നത്. നിലവില്‍ 11 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കാലിഫോര്‍ണിയയിലെ ബദാം കാര്‍ഷിക വ്യവസായം 104,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ചൈനയുടെ നടപടിയോടെ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ജീവനക്കാര്‍ എന്ന് സിന്‍ഹുവ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെറി കര്‍ഷകരും സമാന പ്രശ്‌നം നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 130 മില്ല്യണ്‍ ഡോളറിന്റെ ചെറിപ്പഴം കഴിഞ്ഞവര്‍ഷം യു.എസില്‍ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്തിരിരുന്നു. ഇ വര്‍ഷം അത്രയും ചെറിപ്പഴം യു എസില്‍ നിന്ന് ചൈനയിലേക്ക് കയറ്റി അയക്കാന്‍ സാധിക്കുമോ എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്

യൂറോപ്യന്‍രാജ്യങ്ങളും,മെക്സിക്കോയും കാനഡയും ഹിറ്റ്ലിസ്റ്റില്‍

യുഎസിന്റെ വ്യാപാരയുദ്ധത്തിന് നേരെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംയമനത്തോടെയാണ് കാനഡ ആദ്യം കൈകാര്യം ചെയ്തത്. ‘സ്റ്റീലിന് 25%,അലൂമിനിയത്തിന് 10% തീരുവ ചുമത്തിയെങ്കിലും തീരുമാനം പിന്‍വലിക്കാന്‍ വൈറ്റ്ഹൗസിന് ഒരുമാസത്തെ സമയമാണ് കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ യാതൊരുഫലവും കാണാതിരുന്നതിനാല്‍ പിന്നീട് ‘ഡോളറിന് ഡോളര്‍’ എന്ന തരത്തില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു ഇവര്‍.

കനേഡിയന്‍ സ്റ്റീല്‍ വ്യവസായം യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് തീരുവക്കുള്ള ന്യായീകരണമായി ട്രമ്പ് പറഞ്ഞത്. എന്നാല്‍ യുഎസ് കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് അത്രത്തോളമൊന്നും പോയില്ല. ടോറോന്റോ ആസ്ഥാനമായുളള എന്‍ഡി എന്ന കമ്പനി മെത്തകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണ്. 10% തീരുവ ഏര്‍പ്പെടുത്തുന്ന അമേരിക്കയില്‍നിന്നും ഇറക്കുമതിചെയ്യുന്ന സാധനങ്ങളുടെ നീണ്ട പട്ടികയില്‍ മെത്തകളും ഉള്‍പ്പെടുന്നുണ്ട്. ന്യൂയോര്‍ക് ആസ്ഥാനമായുള്ള കാസ്‌പെര്‍ എന്ന കമ്പനിയാണ് ഈ രംഗത്ത് എന്‍ഡിയുടെ ബിസിനസ് എതിരാളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ കനേഡിയന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നുന്നുണ്ടെന്ന് എന്‍ഡിയുടെ സഹസ്ഥാപകനും സിഇഒയുമായ മൈക്ക് ഗെറ്റിസ് പറയുന്നു. വ്യാപാര യുദ്ധത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളൊന്നും ഇനിയും ആവിഷ്‌ക്കരിച്ചിട്ടില്ലെങ്കിലും ‘മേഡ് ഇന്‍ കാനഡ’ എന്ന ലേബല്‍ നോക്കി തെരഞ്ഞെടുക്കുന്നതിനു ഉപഭോക്താക്കളെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പ്രേരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കാനഡ തീരുവ വര്‍ധിപ്പിക്കേണ്ട അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് വീണ്ടും തയാറാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നവയും ആയിരിക്കും. അത് ട്രംപ് ഭരണകൂടത്തിന് വലിയൊരു തിരിച്ചടി തന്നെയായിരിക്കും സമ്മാനിക്കുക.

വട്ടംചുറ്റി ഓഹരി വിപണികളും കറന്‍സികളും

വ്യാപാരയുദ്ധത്തിന്റെ പരിണിത ഫലം ആദ്യം പ്രതിഫലിച്ചത് അതത് രാജ്യങ്ങളിലെ ഓഹരിവിപണികളിലും കറന്‍സികളുടെ മൂല്യത്തിലുമാണ്. യുഎസിനെതിരായ ചൈനീസ് തിരിച്ചടിക്ക് ഏതാനും മണിക്കൂറുകള്‍ക്കകം എസ് ആന്റ് പി സൂചിക 2.5 % ഇടിഞ്ഞിരുന്നു. കൂടാതെ യുഎസ് അവധി ഓഹരിക്കച്ചവടവും നഷ്ടത്തിലായി. ആറ് ആഴ്ചയ്ക്കുള്ളിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അതെന്നാണ് വിലയിരുത്തല്‍.
ചൈനയ്ക്ക് വെല്ലുവിളിയായി ടോകിയോ,ഹോങ്കോങ് ഓഹരി സൂചികകളിലും 3% താഴെ ഇടിവുണ്ടായി. 2016 നവംബറിന് ശേഷം ആദ്യമായാണ് ഒരു ഡോളറിന് 105 യെന്‍ എന്ന നിരക്ക് മറികടന്നത്.
ആഗോള വ്യാപരമേഖലകളിലെ അസ്വസ്ഥതകള്‍ ഇന്ത്യന്‍ റുപ്പിക്കും പണി നല്‍കി. ഡോളറിന് 12 കയറി 68.74 രൂപയിലാണ് ഇക്കാലയളവില്‍ വ്യാപാരം നടന്നത്.

ഇന്ത്യയ്ക്ക് നേരെയും ഇളവില്ല

ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍,അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിപ്പിച്ച ചുങ്കം ഇനത്തില്‍ 24.1 കോടി ഡോളറാണ് യുഎസ് പിരിച്ചെടുക്കുക. ഇതിന് മറുപടിയായി യുഎസിന്റെ മുപ്പത് ഇനം വസ്തുക്കള്‍ക്ക് ചുങ്കം വര്‍ധിപ്പിച്ചാണ് രാജ്യം മറുപടി നല്‍കിയത്.ലോകവ്യാപാര സംഘടന വഴി നടത്താന്‍ ശ്രമിച്ച അനുനയനീക്കങ്ങള്‍ക്കും തിരിച്ചടിയായിരുന്നു ഫലം. അതേസമയം യുഎസിനുള്ള വ്യാപാരകമ്മി കുറയ്ക്കാന്‍ യുഎസില്‍ നിന്ന് പ്രകൃതിവാതകവും ക്രൂഡ് ഓയിലും ഇന്ത്യ വാങ്ങാമെന്ന് വാണിജ്യകാര്യമന്ത്രി സുരേഷ് പ്രഭു ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ട്രംപ് സ്വീകരിച്ചില്ല. അതേസമയം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തണമെന്ന് രാജ്യത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി തുടരുമെന്ന് ഇന്ത്യ നിലപാടെടുക്കുകയും ചെയ്തു.

ചൈന തോറ്റാല്‍ ഇന്ത്യയുടെ നില പരുങ്ങലില്‍

സാമ്പത്തിക രഷ്ട്രീയമേഖലകളില്‍ നിര്‍ണായ സ്വാധീനമുള്ള യുഎസിന്റെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തന്‍ നിലപാടുകള്‍ക്ക് വില കൊടുക്കേണ്ടി വരിക ലോകം മുഴുവനുമായിരിക്കും. ട്രേഡ് വാറില്‍ മറ്റുരാജ്യങ്ങളേക്കാള്‍ ദയനീയമായിരിക്കും ഇന്ത്യയുടെ പരിതസ്ഥിതി. കാരണം ചൈനയുമായുള്ള ട്രേഡ് വാറില്‍ യുഎസ് വിജയിച്ചാല്‍ ഇന്ത്യയോടാണ് അടുത്തതായി കടുത്ത രീതിയില്‍ യുഎസ് പെരുമാറുക.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണയ മൂല്യ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് സാമ്പത്തിക യുദ്ധത്തെ അതിജീവിക്കാനുള്ള കരുത്ത് വളരെ കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ബൗദ്ധിക സ്വത്തവകാശ നിയമത്തി?െന്റ നടപ്പാക്കല്‍, ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍, ബാങ്കിങ് മേഖലകളിലേക്ക് പ്രവേശനം,ഇറാനുമായുള്ള വ്യാപാരം റദ്ദാക്കല്‍ എന്നീ കാര്യങ്ങളില്‍ യുഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് എളുപ്പംവിധേയപ്പെടേണ്ടി വരും. മറുവശത്ത് ചൈനയുമായുള്ള ട്രേഡ് വാറിന്റെ നഷ്ടം ഇന്ത്യയുമായുള്ള വ്യാപരത്തിലൂടെ നികത്താനുമുള്ള നീക്കങ്ങളും യുഎസ് ശക്തമാക്കിയിട്ടുണ്ട്. യുഎസിന്റെ വ്യാപാരയുദ്ധത്തില്‍ ഇന്ത്യ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയില്‍ തന്നെ നിര്‍ണായകമായിരിക്കുമെന്ന് പറയാതെ വയ്യ..

വ്യാപാര നില
(കോടി ഡോളറില്‍)
ഇന്ത്യ-യുഎസ്
ഇന്ത്യന്‍ ഇറക്കുമതി-2230
ഇന്ത്യന്‍ കയറ്റുമതി-4221
യുഎസിന് കമ്മി-1991

ചൈന-യുഎസ്
ചൈനീസ് ഇറക്കുമതി-13,000
ചൈനീസ് കയറ്റുമതി-50,600
യുഎസിന് കമ്മി-37,600

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...