Trump american president
Trump american president

ആഗോള മാന്ദ്യത്തിലേക്ക് വിരല്‍ചൂണ്ടി ട്രംപിന്റെ വ്യാപാരയുദ്ധം;തിരിച്ചടിക്കാന്‍ ചൈനയും ഇറാനും

ലോകം ആഗോള മാന്ദ്യത്തിലേക്കാണെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം കൈവിട്ട കളികളിലേക്കാണ് നീങ്ങുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഇറക്കുമതികള്‍ക്ക് പോലും കൊടുംചുങ്കം ചുമത്തിയാണ് ട്രംപിന്റെ വ്യാപാരനയങ്ങള്‍ മുന്നേറുന്നതെങ്കില്‍ യുഎസിനെതിരെ നടപടികളുമായി ചൈന അടക്കമുള്ള രാജ്യങ്ങളും രംഗത്തുണ്ട്.

ഏറ്റവും ഒടുവില്‍ 34 ബില്യണ്‍ യുഎസ് ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക് കൂടുതല്‍ തീരുവ ചുമത്താനുള്ള തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വരും. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇരുമ്പിനും അലൂമിനിയത്തിനും 25 % ഇറക്കുമതി ചുങ്കം ചുമത്തി. കൂടാതെ 2000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് പത്തുശതമാനം ചുങ്കം ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ യു.എസിന്റെ ഈ നടപടിയെ ചൈന അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു.

യു.എസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാര്‍ , വിസ്‌കി ഉള്‍പ്പെടെയുള്ള 5000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചൈനയും ചുമത്തിയിരുന്നു. അന്തര്‍ദേശീയ തലത്തില്‍ സമ്മര്‍ദ്ദങ്ങളുണ്ടാകുമ്പോഴും ട്രംപിനെ തളയ്ക്കാന്‍ ഒന്നും ചെയ്യാതെ നോക്കിനില്‍ക്കുകയാണ് ഡബ്യുഡിഓ. സ്വതന്ത്ര വ്യാപാര കരാറിന്റെ നഗ്നലംഘനമാണ് ട്രംപ് നടത്തുന്നത്. ഇതേതുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്റെ പിന്തുണയില്‍ യുഎസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പരിശ്രമം ചൈന തുടങ്ങിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചൈനീസ് വിപണിയില്‍ കൂടുതല്‍ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് ചൈന. ജൂലൈ പതിനാറ് ആരംഭിക്കുന്ന സീനോ-യൂറോപ്യന്‍ സമ്മിറ്റാണ് ഇനി ചൈനയുടെ പ്രതീക്ഷ. അതേസമയം യുഎസിന്റെ വ്യാപാര യുദ്ധം ഇന്ത്യയെയും സാരമായാണ് ബാധിച്ചത്.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് കഴിഞ്ഞ നാളുകളില്‍ രേഖപ്പെടുത്തിയത്. ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണമായും തടയാനുള്ള ട്രംപിന്റെ ആഗ്രഹം വെറും ദിവാസ്വപ്‌നമാണെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

*