ഉപഭോക്താക്കളെ പിഴിഞ്ഞിട്ടും രക്ഷയില്ല; നഷ്ടത്തിൽ നിന്ന് കരകയറാതെ എസ്.ബി.ഐ

സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ എസ്.ബി.ഐക്ക് 4,876 കോടിയുടെ നഷ്ടം. ഇതോടെ തുടർച്ചയായി മൂന്ന് പാദങ്ങളിലും എസ്.ബി.ഐ നഷ്ടം രേഖപ്പെടുത്തി. കിട്ടാകടം തന്നെയാണ് ഇക്കുറിയും ബാങ്കിന് തിരിച്ചടിയായത്. വരുമാനം വർധിച്ചുവെങ്കിലും കിട്ടാകടം കൂടിയതോടെ എസ്.ബി.ഐ പ്രതിസന്ധിയിലാവുകയായിരുന്നു.

സാമ്പത്തിക എജൻസികൾ പ്രതീക്ഷിച്ചതിലും കൂടുതലാണ് എസ്.ബി.ഐക്ക് ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടം. തോംസൺ റോയിട്ടേഴ്സ് പോലുള്ള എജൻസികൾ എസ്.ബി.ഐക്ക് 171 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ എസ്.ബി.ഐ ലാഭമുണ്ടാക്കിയിരുന്നു.

അതേ സമയം, എസ്.ബി.ഐയുടെ വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്. 2018 ജൂൺ 30ലെ കണക്കുകൾ പ്രകാരം 58,813 കോടിയാണ് എസ്.ബി.ഐയുടെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 55,941കോടിയായിരുന്നു. എന്നാൽ, കിട്ടാകടം ബാങ്കിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇൗ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 19,499 കോടിയാണ് എസ്.ബി.ഐയുടെ കിട്ടാകടം. കഴിഞ്ഞ വർഷം ഇത് 9,051 കോടിയായിരുന്നു. എസ്.ബി.ഐയുടെ ആകെ വായ്പയുടെ 10.69 ശതമാനവും കിട്ടാകടമാണ്..

Leave a Reply

Your email address will not be published. Required fields are marked *

*