കാനറ ബാങ്കിന്റെ സോഷ്യല്‍ മീഡിയ പ്രമോഷന്‍ നടത്താന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

കാനറ ബാങ്ക് സോഷ്യല്‍ മീഡിയ ഏജന്‍സിയുടെ സേവനം തേടുന്നു. ബ്രാന്റ് പ്രമോഷന്റെയും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ വഴികള്‍ തേടുന്നതിന്റെയും ഭാഗമായാണ് ഇത്. അപ്പോഴത്തെ വിപണിയുടെ പ്രവണതയും ബാങ്കിന്റെ ആവശ്യങ്ങളും മനസിലാക്കി സമൂഹമാധ്യമങ്ങളില്‍ ശക്തമായ സ്വാധീനം സൃഷ്ടിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന സമൂഹമാധ്യമ സേവന ദാതാവിനെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ബാങ്ക് പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു.

ഇപ്പോള്‍ ബാങ്കിന്റെ മാര്‍ക്കറ്റിംഗ്, റീട്ടെയ്ല്‍ റിസോഴ്‌സസ് വിഭാഗങ്ങള്‍ സാധാരണ രീതിയിലാണ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ‘സമൂഹമാധ്യമ സേവനം ലഭ്യമാക്കാനും ശക്തമായ സമൂഹമാധ്യമ സ്വാധീനം സൃഷ്ടിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന സേവന ദാതാവുമായി കരാറിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നു’- ബാങ്ക് വിശദീകരിക്കുന്നു. മൊത്തം വിപണന പദ്ധതിയുടെ ഭാഗമായുള്ള ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ഇവന്റുകള്‍, പ്രചാരണങ്ങള്‍ എന്നിവയുടെ പ്രമോഷന്‍ സമൂഹമാധ്യമങ്ങള്‍ വഴി നടത്തണം.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റഗ്രാം, ബ്ലോഗുകള്‍ എന്നിവയിലെ ബാങ്കിന്റെ അക്കൗണ്ടുകള്‍ ഏജന്‍സി കൈകാര്യം ചെയ്യേണ്ടിവരും. ഇപ്പോള്‍തന്നെ യുട്യൂബിനും ട്വിറ്ററിലും ബാങ്കിന് സാന്നിധ്യമുണ്ട്. ഇതിന്റെ ലിങ്കുകള്‍ ബാങ്കിന്റെ വൈബ്‌സൈറ്റില്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31ന് മുമ്പു അപേക്ഷിക്കണം..

Leave a Reply

Your email address will not be published. Required fields are marked *

*