കേരളത്തിലേയ്ക്ക് സംരംഭകര്‍ മടങ്ങിയെത്തുന്നു

കേരളം സ്റ്റാര്‍ട്ടപ്പുകളുടെ നഴ്സറിയായിരുന്ന കാലം മാറിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ്. കേരളത്തില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വികസനത്തിന്റെ ഘട്ടമെത്തുമ്പോള്‍ ബെംഗളൂരുവിലേയ്ക്ക് പറിച്ചുനടപ്പെടുന്ന സാഹചര്യമാണ് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ അത്തരത്തില്‍ നാടുവിട്ട പാല കമ്പനികളും ഇപ്പോള്‍ തിരികെ വരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ കുറഞ്ഞത് 20 കമ്പനികള്‍ കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയെന്ന സജി ഗോപിനാഥ് പറയുന്നു. ഇവയിലേറെയും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ്. ബിഗ്ബാസ്കറ്റ് ഏറ്റെടുത്ത ഡെലിവറിന്‍റെ സ്ഥാപകന്‍ അഫ്സല്‍ ബാബു, ഫ്രെഷ്ഡെസ്കിന്റെ സ്ഥാപകരില്‍ ഒരാളായ ഷിഹാബ് മുഹമ്മദ്, ടാക്സി ഫോര്‍ ഷുവറിന്റെ സഹസ്ഥാപക ദീന ജേക്കബ്, വേബിയോ സഹസ്ഥാപകന്‍ ശിവശങ്കര്‍ എന്നിവര്‍ അവരില്‍ പെടുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിന് കേരളത്തില്‍ പുതുതായി രൂപപ്പെട്ടുവരുന്ന അനുകൂല ചുറ്റുപാടുകളാണ് കമ്പനികളെ ആകര്‍ഷിക്കുന്നത്.വിദഗ്ധരായ ജീവനക്കാരുടെ ലഭ്യത, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവയാണ് കമ്പനികള്‍ക്ക് കേരളം പ്രിയപ്പെട്ടതാക്കുന്ന പ്രധാന ഘടകങ്ങള്‍ .

ഒരു സ്റ്റാര്‍ട്ടപ്പ് നടത്തി വിജയം നേടിയവര്‍ മറ്റൊരു പുതിയ പുതിയ സംരംഭം തുടങ്ങാന്‍ തിരഞ്ഞെടുക്കുന്നതും കേരളത്തെയാണ്. മുമ്പ് സ്കൂള്‍ -കോളേജ് തലത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നതിലായിരുന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വന്‍കിട രീതിയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടെന്നും സജി ഗോപിനാഥ് പറഞ്ഞു. വാടകയില്‍ സബ്സിഡി അനുവദിക്കുക,ബിസിനസ് സംഗമങ്ങള്‍ നടത്താനുള്ള വേദിയൊരുക്കുക, എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്താന്‍ സഹായം നല്‍കുക തുടങ്ങിയ നടപടികളിലൂടെ കേരളത്തെ സ്റ്റാര്‍ട്ടപ്പ് സൌഹൃദസംസ്ഥാനമാക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തുകയാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ .

വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പുകളിലൂടെ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തില്‍ രണ്ട് കോടി രൂപയ്ക്കുള്ള സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വാങ്ങിയിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

*