കൊച്ചി മെട്രോ സൗജന്യ യാത്ര അവസാനിപ്പിച്ചു

കൊച്ചി: പ്രളയത്തെത്തുടർന്ന് ഏർപ്പെടുത്തിയ സൗജന്യയാത്ര കൊച്ചി മെട്രോ അവസാനിപ്പിച്ചു. മൂന്നു ലക്ഷത്തില്‍ അധികം യാത്രക്കാര്‍ സൗകര്യം പ്രയോജനപ്പെടുത്തിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി അറിയിച്ചു. 16 മുതല്‍ കൊച്ചി മെട്രോയിൽ ആരംഭിച്ച സൗജന്യയാത്ര ഇന്നലെ രാത്രി വരെ തുടര്‍ന്നു.

ആലുവയിൽനിന്നു കൊച്ചി നഗരത്തിലേക്ക് എത്തുന്നതിനു മറ്റ് ഗതാഗതമാർഗങ്ങൾ എല്ലാം അടഞ്ഞ സാഹചര്യത്തിലാണ് മെട്രോ സൗജന്യയാത്ര അനുവദിച്ചത്. മുട്ടം മെട്രോ യാർഡിലെ വെള്ളക്കെട്ടിനേത്തുടർന്ന് 16ന് ഏതാനും മണിക്കൂർ സർവീസ് നിർത്തിവച്ചിരുന്നു. പിന്നീട് സർവീസ് പുനരാരംഭിച്ചെങ്കിലും വേഗം കുറച്ചാണ് ഓടിച്ചത്. ഇപ്പോൾ പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്ററാണ്.

നേരത്തെ എട്ടു മിനിറ്റ് ഇടവിട്ട് സർവീസ് നടത്തിക്കൊണ്ടിരുന്ന മെട്രോ 16 മുതൽ 25-35 മിനിറ്റ് ഇടവിട്ടാണ് സർവീസ് നടത്തുന്നത്. നേരത്തെ 11 ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത് ഇപ്പോൾ എട്ടായി കുറച്ചിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

*