ടെക്‌നോളജി പ്രവര്‍ത്തനങ്ങള്‍ക്കായി വാള്‍മാര്‍ട്ട് ആയിരംപേരെ നിയമിക്കുന്നു

ബംഗളുരു: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ടെക്നോളജി പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരത്തിലധികം പേരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നു. ബംഗളുരുവിലും ഗുരുഗാവോണിലും ടെക്നോളജി പ്രവര്‍ത്തനങ്ങളുള്ള വാള്‍മാര്‍ട്ട് വിപണി മല്‍സരത്തില്‍ മുന്നേറാന്‍വേണ്ടി, സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാനുള്ള പദ്ധതിയുടെ ഭാഗമായാണ് റിക്രൂട്ടിംഗ് നടത്തുന്നത്. നിലവില്‍ 1800 ജീവനക്കാര്‍ വാള്‍മാര്‍ട്ടിനുണ്ട്.

രാജ്യത്ത് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കുന്നതിനുമാണ് കമ്പനിയുടെ ശ്രമം. 5000 യുഎസ് സ്റ്റോറുകള്‍ക്ക് വേണ്ടിയുള്ള റിട്ടേണ്‍ പ്രോസസ് പോലുള്ള സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ വാള്‍മാര്‍ട്ട് പൂര്‍ണമായും ഇന്ത്യയിലാണ് വികസിപ്പിച്ചത്. രാജ്യത്തിന് പുറത്തുനിന്ന് കൈകാര്യം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്ന് ജോണ്‍സണ്‍ പറയുന്നു. തങ്ങളുടെ സ്റ്റോറുകളില്‍ നിരവധി ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയില്‍ പലതും ഇന്ത്യയില്‍ തയാറാക്കിയവയാണെന്നും വാള്‍മാര്‍ട്ട് ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫിസര്‍ ക്ലേ ജോണ്‍സണ്‍ പറയുന്നു.

വാള്‍മാര്‍ട്ടിന്റെ ഐടി ചെലവിടല്‍ ഒരുവര്‍ഷം ഏകദേശം 10 ബില്യണ്‍ ഡോളറായാണ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്. ലോകത്തില്‍ തന്നെ ഏറ്റവുമധികം തുക ടെക്നോളജിക്കായി ചെലവിടുന്ന കമ്പനികളിലൊന്നാണ് വാള്‍മാര്‍ട്ട്. ആമസോണ്‍ പോലുള്ള ഇ കൊമേഴ്സ് കമ്പനികള്‍ ഉയര്‍ത്തുന്ന മത്സരത്തില്‍ തങ്ങളുടെ നില ഉറപ്പിക്കാനാണ് വാള്‍മാര്‍ട്ടിന്റെ നീക്കം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് പ്രാമുഖ്യം വരുന്ന തരത്തില്‍ തങ്ങളുടെ ടെക്നോളജി ചെലവിടലില്‍ മാറ്റം വന്നിട്ടുണ്ടെന്ന് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടുന്നു.

ടെക്നോളജിയിലെ ഏറ്റവും വലിയ ചെലവിടല്‍ നടത്തുക എന്നതല്ല, ശരിയായ ടെക്നോളജിയില്‍ വേണ്ടത്ര ചെലവിടല്‍ നടത്തുന്നുവെന്ന് ഉറപ്പാക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സൊലുഷനുകളുടെ ഇന്നൊവേഷനുകള്‍ക്കായി ഇന്ത്യന്‍ ഐടി സേവനദാതാക്കളുമായി സഹകരിച്ചാണ് വാള്‍മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

*