ഡേറ്റാ സെന്ററില്‍ വെള്ളം കയറി; വോഡഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറിലായി

കൊച്ചി: മധ്യ കേരളത്തിലെ വോഡഫോണ്‍ നെറ്റ്വര്‍ക്ക് പണിമുടക്കി. എറണാകുളം കളമശ്ശേരിയിലെ ഡേറ്റാ സെന്ററില്‍ വെള്ളം കയറിയതോടെയാണ് തകരാര്‍ സംഭവിച്ചത്. കഴിഞ്ഞ രണ്ടു മണിക്കൂറായി കോളും ഡേറ്റാ സേവനവും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളെത്തി. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലൂടെയുമാണ് പരാതികള്‍ ഏറെ വന്നത്.

നെറ്റ്വര്‍ക്ക് എപ്പോള്‍ ശരിയാകുമെന്ന് പറയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വോഡഫോണ്‍ നെറ്റ്വര്‍ക്ക് നഷ്ടപ്പെട്ടതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരില്‍ ചിലരെങ്കിലും ബുദ്ധിമുട്ടുന്നുണ്ട്. അടിയന്തര കോളുകള്‍ മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് സ്വിച്ച് ചെയ്തു നല്‍കാനും സാധ്യതയുണ്ട്. ഇതിനിടെ പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കാനായി ടെലികോം കമ്പനികളും രംഗത്തെത്തി. അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി എയര്‍ടെല്‍ 30 രൂപ നല്‍കും. എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം.

ഏഴു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയാണ് നല്‍കുന്നത്. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളിലും എയര്‍ടെല്‍ സേവനം ലഭ്യമാക്കും. വൈഫൈ, കോള്‍ സേവനം എന്നിവ നല്‍കും. കൂടാതെ എയര്‍ടെല്‍ സ്റ്റോറുകളില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള സഹായവും നല്‍കും. തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങീ ജില്ലകളിലെ 28 സ്റ്റോറുകളില്‍ സേവനം ലഭിക്കും.

ടെലികോം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മികച്ച നെറ്റ്വര്‍ക്ക് ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മറ്റു ചില ടെലികോം കമ്പനികളും ഫ്രീ സേവനവുമായി രംഗത്തെത്തിയിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

*