നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറും

സൂറിച്ച്: രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറും. നികുതിവെട്ടിപ്പു കേസിലുള്‍പ്പെട്ട രണ്ടു പേരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറാനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേരത്തേ അപേക്ഷ നല്‍കിയിരുന്നു.

സ്വിസ് ബാങ്കില്‍ അക്കൗണ്ടുകുള്ള വിവിധ രാജ്യക്കാരായ ആയിരക്കണിക്കിനാളുകളുടെ വിവരങ്ങള്‍ 2008 ല്‍ പുറത്തുവന്നിരുന്നു. എച്ച്എസ്ബിസി ബാങ്കിലെ ജീവനക്കാരനായിരുന്ന ഹെര്‍വ് ഫല്‍ഷ്യാനി എന്ന ഫ്രഞ്ചുകാരനായിരുന്നു ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിന് സ്വിസ് കോടതി ഫല്‍ഷ്യാനിയെ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചെങ്കിലും സ്വിറ്റ്സര്‍ലന്‍ഡ് വിട്ട അദ്ദേഹം ശിക്ഷ അനുഭവിക്കാതെ രക്ഷപ്പെട്ടു.

ഈ വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണങ്ങള്‍ നടക്കുകയുണ്ടായി. പല രാജ്യങ്ങളും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിനോട് സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ മോഷ്ടിച്ച വിവരങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വിസ് കോടതി ഇവയെല്ലാം തള്ളുകയായിരുന്നു.

നികുതിവെട്ടിപ്പുകാരായ ദമ്പതിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹായം തേടിയ ഫ്രഞ്ച് സര്‍ക്കാരിനും സ്വിസ് കോടതി അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഫല്‍ഷ്യാനി മോഷ്ടിച്ച വിവരങ്ങള്‍ ഉപയോഗിക്കാതെ നേരിട്ട് സമീപിച്ച ഇന്ത്യയുടെ നടപടിയെ സ്വിസ് കോടതി പ്രശംസിച്ചു. ആധികാരികതയില്ലാത്ത മോഷ്ടിച്ച വിവരങ്ങള്‍ ഉപയോഗിക്കാതെ വിവരങ്ങള്‍ക്കായി നേരിട്ടു വരുന്ന രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധമാണെന്നും കോടതി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

*