പെട്രോള്‍ പമ്പുകള്‍ നല്‍കിയിരിക്കേണ്ട ആറ് സേവനങ്ങള്‍

ഇന്ധനം നിറയ്ക്കാന്‍ മാത്രമാണ് നാം പൊതുവേ പെട്രോള്‍ പമ്പില്‍ കയറുക. ഇന്ധന വിതരണം മാത്രമല്ല റോഡില്‍ അത്യാഹിതസാഹചര്യമുണ്ടായാല്‍ സേവനങ്ങള്‍ നല്‍കാനും പെട്രോള്‍ പമ്പുകള്‍ ബാധ്യസ്ഥരാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. രാജ്യത്തെ ഏതു പെട്രോള്‍ പമ്പിലും ലഭ്യമായ ആറ് സേവനങ്ങള്‍ ഏതൊക്കെയെന്ന് അറിയുക.

1.ഇന്ധനത്തിന്റെ ഗുണനിലവാര പരിശോധന
ലഭിക്കുന്ന ഇന്ധനത്തിനു ഗുണമേന്മയെപ്പറ്റി സംശയം തോന്നിയാല്‍ അത് തീര്‍ക്കാന്‍ ഫില്‍ട്ടര്‍ പേപ്പര്‍ ടെസ്റ്റ് നടത്തി നോക്കാം.ഇതിനാവശ്യമായ ഫില്‍ട്ടര്‍ പേപ്പര്‍ പമ്പില്‍ നിന്ന് സൌജന്യമായി ലഭിക്കും. രണ്ടോ മൂന്നോ തുള്ളി പെട്രോള്‍ ഫില്‍ട്ടര്‍ പേപ്പറിലേയ്ക്ക് ഒഴിച്ച് അഞ്ച് മിനിറ്റ് കാത്തുനില്‍ക്കുക. പെട്രോള്‍ ബാഷ്പീകരിച്ചുപോയ ശേഷം പേപ്പറില്‍ നിറവ്യത്യാസം കണ്ടാല്‍ പെട്രോളില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്ന് മനസിലാക്കാം.

2.ഫസ്റ്റ് എയ്ഡ് കിറ്റ്
റോഡില്‍ വച്ച് എന്തെങ്കിലും ചെറിയ പരിക്കേല്‍ക്കുകയോ പരുക്കേറ്റയാളെ സഹായിക്കേണ്ടി വരുകയോ ചെയ്താല്‍ അടുത്തുള്ള പെട്രോള്‍ പമ്പിനെ സമീപിക്കാം. കാലാവധി അവസാനിക്കാത്ത ഫസ്റ്റ് എയ്ഡ് കിറ്റ് പെട്രോള്‍ പമ്പില്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അത് വാങ്ങി ഉപയോഗിക്കുക.

3.ഫോണ്‍ കാള്‍ സൌകര്യം
അത്യാഹിത സാഹചര്യങ്ങളില്‍ ആംബുലന്‍സിനെയോ പൊലീസിനെയോ ഫയര്‍ഫോഴ്സിനെയോ അതുമല്ലെങ്കില്‍ ബന്ധുക്കളെയോ വിവരം അറിയിക്കാന്‍ ഫോണ്‍ ചെയ്യാനുള്ള സൌകര്യം പെട്രോള്‍ പമ്പില്‍ സൌജന്യമാണ്. മൊബൈല്‍ഫോണിന്റെ ബാറ്ററി തീര്‍ന്നിരിക്കുമ്പോള്‍ ഇത്തരം സന്ദര്‍ഭമുണ്ടായാല്‍ പെട്രോള്‍ പമ്പിനെ സമീപിക്കാന്‍ മടിക്കേണ്ട.

4. ടോയ്ലറ്റ് സൌകര്യം
യാത്രയ്ക്കിടയില്‍ ടോയ്ലറ്റ് ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ വരാം. നഗരം വിട്ടാല്‍ പിന്നെ ടോയ്ലറ്റ് സൌകര്യങ്ങള്‍ നന്നേ കുറവാണ്. അതുകാര്യമാക്കാനില്ല. പെട്രോള്‍ പമ്പുകളില്‍ ടോയ്ലറ്റ് സൌകര്യം ഒരുക്കിയിട്ടുണ്ട്.അതുപയോഗിക്കാന്‍ പണം നല്‍കേണ്ടതില്ല. അതിനായി ആ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കേണ്ട ആവശ്യവുമില്ല.

5. കുടിവെള്ളം
പെട്രോള്‍പമ്പുകള്‍ കുടിവെള്ളം ലഭ്യമാക്കിയിരിക്കണമെന്നാണ് ചട്ടം. ദാഹം തോന്നിയാല്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ആവശ്യം പോലെ വെള്ളം കുടിക്കാം. കുപ്പിയില്‍ നിറച്ചുകൊണ്ടുപോകണമെങ്കില്‍ അതും ആകാം.

6.ടയറില്‍ കാറ്റുനിറയ്ക്കല്‍
പെട്രോള്‍ പമ്പില്‍ നിന്ന് സൌജന്യമായി ലഭിക്കുന്ന മറ്റൊരു സേവനമാണിത്.ഇതിനായി ഒരു പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കേണ്ട ആവശ്യമില്ല. ആവശ്യപ്പെട്ടാല്‍ വാഹനത്തിന്റെ ടയറുകളില്‍ വായു നിറച്ചുതരാന്‍ പെട്രോള്‍ പമ്പ് ഉടമ ബാധ്യസ്ഥനാണ്.

മേല്‍പ്പറഞ്ഞ സേവനങ്ങള്‍ നിഷേധിക്കുകയോ അതിനു കൂലി ഈടാക്കുകയോ ചെയ്താല്‍ പരാതിപ്പെടാവുന്നതാണ്. പ്രസ്തുത പമ്പ് നടത്തുന്ന കമ്പനിയ്ക്ക് കത്തിലൂടെയോ ഓണ്‍ലൈനിലൂടെയോ പരാതി നല്‍കാം..

Leave a Reply

Your email address will not be published. Required fields are marked *

*