മിനിമം ബാലന്‍സിന് വിട; കാത്തിരുന്ന തപാല്‍ ബാങ്ക് അടുത്തമാസം, കേരളത്തിലെ ആദ്യ ശാഖ ഇടപ്പള്ളിയില്‍

തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ പെയ്‌മെന്റ് ബാങ്കുകള്‍(ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അഥവാ ഐപിപിബി) അടുത്തമാസം പകുതിയോടെ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്താകമാനം 650 ശാഖകള്‍ തുറക്കുമ്പോള്‍ ഇതില്‍ 14 പെയ്‌മെന്റ് ബാങ്കുകളാണ് കേരളത്തില്‍ സേവനം നല്‍കുക. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 26 ശാഖകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 14-ലേക്ക് ചുരുക്കുകയായിരുന്നു.

കൊച്ചി ഇടപ്പള്ളിയില്‍ സംസ്ഥാനത്തെ ആദ്യശാഖ പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്റര്‍നെറ്റ്, മൊബൈല്‍, എസ്എംഎസ് ബാങ്കിംഗ് സേവനങ്ങള്‍ക്കു പുറമേ, ഡെബിറ്റ് കാര്‍ഡും ലഭ്യമാണ്. കറന്റ്, സേവിംഗ്‌സ്, സാലറി അക്കൗണ്ടുകള്‍ ലഭ്യമാക്കുന്നതിനൊപ്പം ഒരുലക്ഷം രൂപവരെ ഒരാളില്‍നിന്ന് നിക്ഷേപമായി സ്വീകരിക്കും. തപാല്‍ വകുപ്പിന്റെ എടിഎമ്മുകള്‍ നേരത്തേ തന്നെ ബാങ്കിംഗ് ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള പോസ്റ്റ്മാന്‍മാരും ഗ്രാമീണ ഡാക് സേവകുമാരും(ജിഡിഎസ്) വാതില്‍പ്പടിക്കലെത്തി സാമ്പത്തിക ഇടപാടുകളും സേവനങ്ങളും ലഭ്യമാക്കും. ഇതിനായി ബയോമെട്രിക് റീഡര്‍, പ്രിന്റര്‍, ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡ് റീഡര്‍ തുടങ്ങിയ സജ്ജീകരണങ്ങളുള്ള മൈക്രോ എടിഎമ്മുകള്‍ പോസ്റ്റ്മാന്‍മാര്‍ക്ക് കൈമാറും. ഐപിപിബികളുടെ നടത്തിപ്പ്, വിപണന ജോലികള്‍ക്കായി തപാല്‍ വകുപ്പ് പ്രത്യോക റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. ജീവനക്കാര്‍ക്കുള്ള പരിശീലനം അവസാന ഘട്ടത്തിലാണ്.

രണ്ടുലക്ഷത്തോളം ഉപകരണങ്ങളാണ് ഐപിപിബിയുടെ പ്രവര്‍ത്തനത്തിനായി വാങ്ങുന്നത്. പോസ്റ്റ്മാന്‍, ജിഡിഎസ് ജീവനക്കാരെ പിന്നീട് ബാങ്കിന്റെ ഭാഗമാക്കാനും ആലോചയുണ്ട്. രാജ്യത്ത് തിരഞ്ഞെടുത്ത 10,000 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ വീട്ടുപടിക്കല്‍ സേവനമെത്തും. 3,250 കളക്ഷന്‍ കേന്ദ്രങ്ങളുണ്ടാകും. അഞ്ചുവര്‍ഷംകൊണ്ട് 1.55 ലക്ഷം പോസ്റ്റ് ഓഫിസുകളിലേക്ക് ബാങ്കിംഗ് മേഖല വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ലെന്നതാണ് ഐപിപിബി അക്കൗണ്ടുകളുടെ പ്രധാന പ്രത്യേകത..

Leave a Reply

Your email address will not be published. Required fields are marked *

*