രൂപ വീണ്ടും തകര്‍ന്നു; ഡോളറിനെതിരെ 70.08 ആയി

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ലേയ്ക്ക് താഴ്ന്നു. രാവിലത്തെ വ്യാപാരത്തിലെ നേട്ടം തകര്‍ത്തുകൊണ്ടാണ് രൂപ വീണത്. രാവിലെ 10.34ന് 70.08 രൂപയായി ഡോളറിനെതിരെ രൂപയുടെ മൂല്യം. രാവിലെ 69.84-ല്‍ വ്യാപാരം തുടങ്ങിയശേഷം 69.75 ലേയ്ക്ക് ഉയര്‍ന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോകുകയായിരുന്നു.

തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് 1.08 രൂപ ഇടിഞ്ഞ് 69.91 നിരക്കിലാണ് ക്ലോസ് ചെയ്തത്. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയാണ് വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളുടെ മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം തിങ്കളാഴ്ച എട്ടുശതമാനമാണ് ഇടിഞ്ഞത്.

ചരിത്രത്തില്‍ ഇതാദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70 ലേയ്ക്ക് താഴുന്നത്. കയറ്റുമതിയേക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്നനിലയില്‍ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കും. ഇറക്കുമതി ചെലവ് ഉയരുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാന്‍ ഇടയാക്കുമെന്നതാണ് കാരണം.

മൂല്യം 70 കടന്നതോടെ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കും. ബാങ്കുകളെക്കൊണ്ട് ഡോളര്‍ കാര്യമായി വിറ്റഴിപ്പിച്ചാല്‍ തല്‍ക്കാലത്തേയ്ക്കെങ്കിലും മൂല്യം പിടിച്ചുനിര്‍ത്താന്‍ കഴിയും. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തിലുള്ള ഡോളര്‍ വിറ്റൊഴിച്ചും രൂപയുടെ മൂല്യം ഉയര്‍ത്താനാകും..

Leave a Reply

Your email address will not be published. Required fields are marked *

*