ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് ലോകബാങ്ക്. ഫ്രാന്‍സിനെ മറികടന്നാണ് ലോകബാങ്ക് തയാറാക്കിയ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തിയത്. 2017-ല്‍ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. ചൈനയും ജപ്പാനും രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ജര്‍മനി നാലമതായി. ഇംഗ്ലണ്ടാണ് ഇന്ത്യക്ക് തൊട്ടുമുന്നിലുള്ളത്.

ഇന്ത്യ 2,597,491 ദശലക്ഷം ഡോളര്‍ വളര്‍ച്ച കൈവരിച്ചതാണ് ആറാം സ്ഥാനത്ത് എത്താന്‍ സഹായകമായത്. മറ്റു രാജ്യങ്ങളുടെ വളര്‍ച്ച ഇങ്ങനെ: യുഎസ് 19,390,604 ദശലക്ഷം ഡോളര്‍, ചൈന 12,237,700 ദശലക്ഷം, ജപ്പാന്‍ 4,872,136.95 ദശലക്ഷം, ജര്‍മനി 3,677,439.13 ദശലക്ഷം, ഇംഗ്ലണ്ട് 2,622,433.96 ദശലക്ഷം, ഫ്രാന്‍സ് 2,582,501.31 ദശലക്ഷം ഡോളര്‍.

മോദി സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ കൊണ്ടുവന്നതും ചരക്കു, സേവന നികുതി നടപ്പാക്കിയതും സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ ബാധിച്ചതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 2016ലും 2017ലും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.7 ശതമാനമായിരുന്നു. എന്നാല്‍ ലോകബാങ്ക് അടുത്തകാലത്തു പുറപ്പെടുവിച്ച വിശകലനത്തില്‍ ഇന്ത്യ ഇവയില്‍ നിന്നു കരകയറിയതായി പറഞ്ഞിരുന്നു. ഇന്ത്യ 2018ല്‍ 7.3 ശതമാനം വളര്‍ച്ചാനിരക്കു കൈവരിക്കുമെന്നും ലോകബാങ്ക് പറഞ്ഞിരുന്നു. രാജ്യാന്തര നാണ്യനിധിയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യ 201819 കാലത്ത് 7.4 ശതമാനം വളര്‍ച്ചാനിരക്കു നേടുമെന്നാണു പ്രവചിച്ചത്.

പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം ഇരട്ടി ആയി. നിര്‍മാണ മേഖലയിലെയും ഉപഭോക്തൃ മേഖലയിലെയും വളര്‍ച്ചയാണ് ഇന്ത്യക്ക് ഈ മുന്നേറ്റം നേടിക്കൊടുത്തത്. 2016ലും ഇന്ത്യ ഇംഗ്ലണ്ടിനെ പിന്തള്ളി ആറാം സ്ഥാനത്തേക്കു വന്നതാണ്. എന്നാല്‍ അതു നിലനിര്‍ത്താനായില്ല..

Leave a Reply

Your email address will not be published. Required fields are marked *

*