മാന്‍ ട്രക്ക് ഇന്ത്യയിലെ ഓട്ടം നിര്‍ത്തുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ തലയെടുപ്പോടെ വിലസിയ മാന്‍ ട്രക്കുകള്‍ ഇനി ഓര്‍മയായി മാറിയേക്കും. ഫോക്സ്‍വാഗന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാന്‍ ട്രക്ക്സ് ഇന്ത്യ ആറ് മാസത്തിനകം ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടാറ്റ മോട്ടോഴ്സും അശോക് ലൈലന്റും മേധാവിത്വം പുലര്‍ത്തുന്ന ഹെവി കൊമേഴ്സ്യല്‍ വിപണിയില്‍ പ്രതീക്ഷിച്ചത്ര വില്‍പ്പന നേടാനാവാത്തതിനാലാണ് മാന്‍ ട്രക്ക്സ് ഇന്ത്യ  ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്.

 

ഫോക്സ്‍വാഗന്‍ ഗ്രൂപ്പിനു കീഴില്‍ തന്നെയുള്ള മറ്റൊരു ബ്രാന്‍ഡായ സ്കാനിയ അടുത്തിടെ ഇന്ത്യയിലെ ബസ് ബോഡി ബില്‍ഡിങ് പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു. നിലവില്‍ ബസ് ഷാസികള്‍ മാത്രമാണ് സ്കാനിയ നിര്‍മിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബസ് ബോഡി ബില്‍ഡിങ് കമ്പനിയായ എംജി ഗ്രൂപ്പിനെയാണ് ബസിന്റെ ബോഡി ചെയ്യാന്‍ സ്കാനിയ ഏല്‍പ്പിച്ചിരിക്കുന്നത്.

 

മാന്‍ ട്രക്ക് ആന്‍ഡ് ബസ് എജിയുടെ ബോര്‍ഡ് മീറ്റിങ്ങിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കമ്പനിയ്ക്ക് ആകെ ഒരു നിര്‍മാണശാലയേയുള്ളൂ. മധ്യപ്രദേശിലെ പിതാംപൂരിലാണത്. 16 ടണ്ണിനും 49 ടണ്ണിനും ഇടയില്‍ ശേഷിയുള്ള വിവിധ ട്രക്ക് മോഡലുകളാണ് ഇവിടെ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം ഒമ്പതിനായിരം ട്രക്കുകള്‍ നിര്‍മിക്കാന്‍ പ്ലാന്റിനു ശേഷിയുണ്ട്.
ഫോഴ്സ് മോട്ടോഴ്സുമായി സഹകരിച്ച് 2003 ലാണ് മാന്‍ ഇന്ത്യന്‍ വിപണിയില്‍ ട്രക്കുകള്‍ പുറത്തിറക്കിയത്. ഈ ബന്ധം 2006 ല്‍ ഇരുകമ്പനികള്‍ക്കും നിക്ഷേപമുള്ള സംരംഭമായി മാറി. 2012 ല്‍ ഫോഴ്സ് മോട്ടോഴ്സിന്റെ ഓഹരി വാങ്ങിയ മാന്‍ ഒറ്റയ്ക്ക് ഓട്ടം തുടങ്ങി. ഈ വര്‍ഷം ബസ് ഷാസികളുടെ നിര്‍മാണവും മാന്‍ ആരംഭിച്ചിരുന്നു.

 

ഭാരത് സ്റ്റേജ് ആറ് എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന എന്‍ജിനുകളും പുത്തന്‍ മോഡലുകളും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മാന്‍ . എന്നാല്‍ ഇവയെല്ലാം നിര്‍ത്തിവച്ചെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വില്‍പ്പനാനന്തരസേവനം തുടര്‍ന്നും കമ്പനി ലഭ്യമാക്കും

 

Leave a Reply

Your email address will not be published. Required fields are marked *

*